കോട്ടയം: പേവിഷബാധയേറ്റ നായ കടിച്ച അന്തർ സംസ്ഥാന തൊഴിലാളിയെ കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഇയാളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജില്ല പൊലീസിന്റെ സഹായം തേടി. കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന് തൊഴിലാളി അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. ഇത് സങ്കീർണത വർധിപ്പിക്കുകയാണ്. സെപ്റ്റംബർ 17ന് രാത്രിയാണ് കോട്ടയം നഗരത്തിൽ നാലുവയസ്സുകാരൻ ഉൾപ്പടെ 11 പേരെ തെരുവുനായ കടിച്ചത്.
തിരുവനന്തപുരത്ത് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളി ലുക്കു, തമിഴ്നാട് സ്വദേശി ദിനേഷ് കുമാർ എന്നിവർക്കും കടിയേറ്റിരുന്നു. ഇവർക്കു പ്രതിരോധ കുത്തിവയ്പിന്റെ ആദ്യഡോസ് നൽകി. ശേഷം ഇവർ ആശുപത്രി വിട്ടു. തുടർന്നാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
പിന്നാലെ ദിനേഷ് കുമാറിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കി. എന്നാൽ ലുക്കുവിനെ കണ്ടെത്താനായില്ല. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജനറൽ ആശുപത്രി അധികൃതർ പരാതി നൽകിയതായാണ് വിവരം.
ആദ്യം പൊലീസിൽ വിവരം അറിയിച്ചെങ്കിലും ലുക്കുവിന്റെ ചിത്രം ലഭിക്കാത്തത് അന്വേഷണത്തിനു തടസ്സമായി. ആശുപത്രി അധികൃതർ സി.സി.ടി.വി ദൃശ്യത്തിൽനിന്നു ശേഖരിച്ച ചിത്രമടക്കം കൈമാറും. ജില്ല ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി കടിയേറ്റ 11 പേർക്കും വാക്സിൻ നൽകി. തുടർന്ന് 3,7,28 ദിവസങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നു നിർദേശിച്ചു.
പേവിഷ ബാധ സ്ഥിരീകരിക്കുന്നതിനു മുമ്പേ കുത്തിവെപ്പ് നൽകിയെങ്കിലും തുടർ കുത്തിവെപ്പ് കൃത്യമായി എടുത്താലേ പ്രയോജനം ലഭിക്കൂ എന്ന് ആരോഗ്യവകുപ്പ് തൊഴിലാളികളെ അറിയിച്ചിരുന്നു.
നാട്ടുകാരെ കടിച്ച തെരുവുനായ ചത്തതോടെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.