കോട്ടയം: റെയിൽപ്പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിലെ മൂന്ന് സ്ഥലങ്ങളിൽ ചെറുപാലങ്ങൾ നിർമിക്കാനുള്ള കരാർ ഏറ്റെടുത്ത കമ്പനി ഒരുമാസമായിട്ടും പണി ആരംഭിച്ചില്ല. നിർമാണത്തിൽ അനിശ്ചിതത്വം.
പാക്കിൽ, മണിപ്പുഴ, കുറ്റിക്കാട്ട് അമ്പലം എന്നിവിടങ്ങളിലാണ് ചെറുപാലങ്ങൾ (വയഡക്ട്) നിർമിക്കുന്നത്. 1.2 കിലോമീറ്റർ ദൂരമാണ് മൂന്നിനും കൂടിയുള്ളത്. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ മണ്ണിന് ഉറപ്പില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പാലം നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി വിളിച്ച മൂന്നാം ടെൻഡറിൽ കുറഞ്ഞതുക രേഖപ്പെടുത്തിയ അന്ധ്രയിെല കമ്പനിക്ക് റെയിൽവേ കരാർ നൽകി. എന്നാൽ, ഒരുമാസമായിട്ടും ഇവർ പണി ആരംഭിക്കാൻ തയാറായിട്ടില്ല. േകാവിഡ്, ലോക്ഡൗണുകളാണ് േജാലി ആരംഭിക്കാത്തതിന് കാരണമായി കമ്പനി വിശദീകരിക്കുന്നത്.
നിർമാണ േജാലിക്ക് വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്ന റെയിൽവേ നിർമാണവിഭാഗം ഡിഡംബറിനുമുമ്പ് നിർമാണം പൂർത്തിയാക്കാനുള്ള തീരുമാനത്തിന് ഇത് തിരിച്ചടിയാകുമെന്നും പറയുന്നു. വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ പരിഗണനയിലാണെന്നും ഇവർ പറഞ്ഞു.
മൂന്നിടത്തെയും ചെറുപാലങ്ങളുടെ നിർമാണം നേരത്തേ ആരംഭിച്ചിരുന്നു. പത്തനാപുരത്തുനിന്നുള്ള സ്ഥാപനമായിരുന്നു ആദ്യകരാർ.
എന്നാൽ, നിർമാണത്തിലെ നിലവാരക്കുറവും കാലതാമസവും മൂലം ഇവരെ റെയിൽവേ ഒഴിവാക്കി. നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം റെയിൽവേ നിർമാണ വിഭാഗം ആദ്യം നോട്ടീസ് നൽകിയിരുന്നു. പിന്നീട് പൂർത്തിയാക്കിയ ജോലികളുടെ നിലവാരം തീർത്തും മോശമാണെന്നുകണ്ടതോടെ കരാർ റദ്ദാക്കി.
ഇതിെൻറ തുടർച്ചയായി പുതിയ ടെൻഡർ ക്ഷണിച്ചു. ഇതിൽ മുന്നിലെത്തിയ കമ്പനിക്ക് നിശ്ചിത യോഗ്യതയില്ലെന്ന് കണ്ടതോടെയാണ് മൂന്നാമതും ടെൻഡർ വിളിച്ചത്.
വെള്ളക്കെട്ടുള്ളതിനാൽ ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിൽ മൊത്തം 2.7 കിലോമീറ്റർ ദൂരത്തിലാണ് വയഡക്ട് നിർമിച്ച് റെയിൽപാത കടത്തിവിടുന്നത്. കൊടൂരാറിനു സമീപം 700 മീറ്ററും ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിൽ ഒരു കിലോമീറ്ററും വയഡക്ട് നിർമാണം പുരോഗമിക്കുന്നുണ്ട്.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ഇനി ഏറ്റുമാനൂർ–ചിങ്ങവനം റൂട്ടിൽ മാത്രമാണ് ജോലി അവശേഷിക്കുന്നത്.
ഡിസംബറോടെ നിർമാണം പൂർത്തിയാക്കാനാണ് റെയിൽവേ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനിടെ മൂന്നിടങ്ങളിൽ ഇനിയും സ്ഥലം സർക്കാർ ഏറ്റെടുത്ത് നൽകാനുമുണ്ട്.
ഏറ്റുമാനൂർ–ചിങ്ങവനം (16.84 കി.മീ) പാത ഇരട്ടിപ്പിക്കൽ തീരുന്നതോടെ തിരുവനന്തപുരം–മംഗളൂരു (634 കി.മീ) പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.