കോട്ടയം: കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് ചൂടിന്റെ കാര്യത്തിലും ഒരുരക്ഷയുമില്ല!. താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും അൾട്രാവയലറ്റ് സൂചിക ഉയർന്ന് തന്നെ തുടരുകയാണ് ജില്ലയിൽ. വ്യാഴാഴ്ച രാവിലെ എട്ടരക്ക് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജില്ലയിലാണ്. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 24.4 മില്ലിമീറ്റർ വേനൽമഴയാണ് ലഭിച്ചത്. വൈക്കം (53.5 മിമീ), കോട്ടയം (28.6), കാഞ്ഞിരപ്പള്ളി (24.0), കുമരകം (8.1), പൂഞ്ഞാർ (5.0) എന്നിങ്ങനെയാണ് പ്രാദേശിക മഴക്കണക്ക്.
കഴിഞ്ഞദിവസം ലഭിച്ച മഴയോടെ മാർച്ച് ഒന്നിന് ആരംഭിച്ച പ്രീമൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് ജില്ലയിലാണ്. മാർച്ച് ഒന്ന് മുതൽ 26 വരെ 107.8 മില്ലിമീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ട മഴ 44 മില്ലിമീറ്ററായിരുന്നു. 145 ശതമാനം മഴ അധികമായി ലഭിച്ചു.
കഴിഞ്ഞ വർഷം മാർച്ച് ഒന്ന് മുതൽ മേയ് 31വരെ വേനൽക്കാല സീസണിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മഴ ലഭിച്ചതും കോട്ടയം ജില്ലയിലാണ്. 838.7 മില്ലിമീറ്റർ മഴയാണ് അന്ന് ലഭിച്ചത്. ഇത്രയും മഴ ലഭിച്ചെങ്കിലും ജില്ല കടുത്ത ചൂടിലാണ്. വേനലിന്റെ തീവ്രത ജില്ലയുടെ പല ഭാഗത്തും പ്രകടമാണ്.
താപനിലയിലും നേരിയ കുറവ് മാത്രമാണുള്ളത്. കോട്ടയത്തെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഉയർന്ന പകൽ ചൂട് 35.1 ഡിഗ്രി സെൽഷ്യസ് വരെയെത്തി. അൾട്രാ വയലറ്റ് ഇൻഡക്സ് ഓറഞ്ച് അലർട്ടിലാണ്. കഴിഞ്ഞദിവസം എട്ടാണ് ഇത് രേഖപ്പെടുത്തിയത്.
സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. അൾട്രാ വയലറ്റ് രശ്മികൾ സൂര്യതപത്തിന് പുറമെ ത്വഗ്രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഉച്ചക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ജില്ലയുടെ പലഭാഗത്തും. വെയിലിന്റെ തീവ്രത കൂടുതലാണ്. മാറിമാറിയുള്ള മഴയും വെയിലും കാർഷിക ഉൽപാദനത്തെയും സാരമായി ബാധിക്കുകയാണ്.
പലയിടത്തും കാർഷികോൽപന്നങ്ങൾ കരിഞ്ഞുണങ്ങിയും കുടിവെള്ള സ്രോതസ്സുകൾ വറ്റിവരണ്ട അവസ്ഥയിലുമാണ്. കുമരകം ഉൾപ്പെടെ ടൂറിസം പ്രാധാന്യമുള്ള പ്രദേശങ്ങളിലും നഗരത്തിന് സമീപമുള്ള പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജില്ലയിലെ മലയോരമേഖലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. അതിന് ആനുപാതികമായി നഗരപ്രദേശങ്ങളിൽ മഴ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.