കോട്ടയം: വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള ഓണാഘോഷ പരിപാടികൾക്കായി പായസവും പലകൂട്ടം വിഭവങ്ങളുമടങ്ങിയ സദ്യയൊരുക്കി കാറ്ററിങ് യൂനിറ്റുകൾ. ഓർഡര്‍ ചെയ്താല്‍ തിരുവോണദിവസം പഴവും പ്രഥമനും പായസവും കൂട്ടി 19 വിഭവങ്ങളുള്ള ഓണസദ്യ പാഴ്സലായി ലഭിക്കും. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലും വാങ്ങാം.
ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ഓണസദ്യ ബുക്കിങ്ങിന്റെ തിരക്കാണ്. കുടുംബശ്രീ മിഷനും ഓണസദ്യയുമായി രംഗത്തുണ്ട്. തൂശനില, ചോറ്, അവിയല്‍, സാമ്പാര്‍, കാളന്, തോരന്‍, അച്ചാറുകള്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, പലതരം പായസം എന്നിങ്ങനെ വിഭവസമൃദ്ധമായ സദ്യയാണ് പാഴ്സലായി നല്‍കുന്നത്. പല കാറ്ററിങ് സ്ഥാപനങ്ങളിലും ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. ഇല ഒന്നിന് 200 മുതല്‍ 350 രൂപവരെയുള്ള പാക്കേജുകള്‍ ഉണ്ട്. പായസം മാത്രം മതിയെങ്കില്‍ അങ്ങനെയും വാങ്ങാം. അട, പാല്പായസം, പരിപ്പ്, പഴംപ്രഥമന് തുടങ്ങി വിവിധ പായസങ്ങളും സുലഭം. ഗ്രാമങ്ങളിൽ പായസത്തിന്റെ നിരക്കും കുറയും. ഇതോടൊപ്പം ഹോട്ടലുകളില്‍ ഓണാഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കോ, ഫാമിലിക്കോ ബുക്ക് ചെയ്യാം. 699, 999 രൂപയുടെ പാക്കേജുകളാണ് അധികം ആളുകളും തിരഞ്ഞെടുക്കുന്നതെന്ന് കാറ്ററിങ് സ്ഥാപന ഉടമകൾ പറയുന്നു.
ഓണപ്രൗഢിയിൽ തൂശനില
സദ്യ സദ്യയാവണമെങ്കിൽ തൂശനില തന്നെ വേണം. ഓണം അടുത്തതോടെ ഇലവിപണിയിലും തിരക്കായി. ഹോട്ടലുകൾ, കാറ്ററിങ്, ഇവന്റ് മാനേജ്മെന്റുകാരും ഇലയുടെ ആവശ്യക്കാരാണ്. ഓണത്തിന് പുറമെ കല്യാണ സീസൺ കൂടി ആയതോടെ ഇലയുടെ ആവശ്യം വർധിച്ചു. പ്ലാസ്റ്റിക് ഇലകളും മറ്റും വിപണിയിൽ ലഭ്യമാണെങ്കിലും വാഴയിലക്കാണ് ഡിമാൻഡ് അധികവും. തിരുനക്കരയിലും ഓണത്തെ വരവേറ്റ് സദ്യക്കുള്ള ഇലയുടെ വിൽപന തുടങ്ങി. ഇലക്ക് നാല് രൂപ വരെയാണ് വില. തേനി, കമ്പം, മേട്ടുപ്പാളയം തുടങ്ങി തമിഴ്നാട്ടിൽനിന്നും ഇലകൾ എത്തുന്നത്. ഇതുകൂടാതെ കര്‍ണാടകയില്‍ നിന്നും വാഴയില എത്തുന്നുണ്ട്.
ഞാലിപ്പൂവന് വാഴയുടെ ഇലക്കാണ് ഡിമാൻഡ് കൂടുതല്‍. 100 ഇലയുടെ കെട്ടിന് 4,000 മുതൽ 5,000 രൂപ വരെയാണ് വില. ഒരുമുഴുവൻ ഇലയിൽനിന്ന് ഒരു നാക്കില മാത്രം മുറിച്ചെടുക്കാം. ഇത്തരത്തിൽ ഒരു കെട്ടിൽ നിന്നും 70 മുതൽ 80 വരെ നാക്കില ലഭിക്കും. നാലുദിവസം വരെ ഇലകൾ വാടാതിരിക്കും.
ഓണച്ചന്ത ഇന്നുമുതൽ
കൂരാലി: എലിക്കുളം കൃഷിഭവനും ഫെയ്സ് ഇക്കോഷോപ്പും ചേർന്നു നടത്തുന്ന ഓണച്ചന്ത പുതുപ്പള്ളാട്ട് ബിൽഡിങ്ങിൽ ഒന്നു മുതൽ നാലു വരെ തിയതികളിൽ നടത്തും. പച്ചക്കറികൾ വിപണി വിലയെക്കാൾ 30 ശതമാനം കുറച്ച് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.