വൈക്കത്ത് സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയിലും റോഡിലും സജ്ജീകരിച്ചിരിക്കുന്ന ബാനറുകളും കൊടിതോരണങ്ങളും
കോട്ടയം: ഐതിഹാസിക സമരപോരാട്ട ഭൂമിയായ വൈക്കത്ത് സി.പി.ഐ ജില്ല സമ്മേളനത്തിന് വെളളിയാഴ്ച ചെങ്കൊടി ഉയരും. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതിന്റെ ശതാബ്ദിവര്‍ഷത്തിലാണ് കേരളത്തിലെ സ്ഥാപക സെക്രട്ടറി പി.കൃഷ്ണപിള്ളയുടെ ജന്മനാട്ടില് സമ്മേളനത്തിന് അരങ്ങൊരുങ്ങുന്നത്.
സമ്മേളനത്തിന് തുടക്കംകുറിച്ച് വൈകുന്നേരം മൂന്നിന് വൈക്കം വലിയകവലയില്നിന്ന് ബോട്ട്ജെട്ടി മൈതാനിയിലേക്ക് ചുവപ്പുസേന പരേഡ് നടക്കും. ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍നിന്ന് പതാക, ബാനര്‍, കൊടിമര ജാഥകള്‍ വൈകിട്ട് അഞ്ചിന് പൊതുസമ്മേളന നഗറില്‍ എത്തിച്ചേരും.
സംഘാടകസമിതി പ്രസിഡന്റ് ജോണ്‍ വി.ജോസഫ് പതാക ഉയര്‍ത്തും. ചുവപ്പ് സേനയുടെ സല്യൂട്ടിനു ശേഷം ബോട്ട്ജെട്ടി മൈതാനിയിലെ കാനം രാജേന്ദ്രന് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി വി.ബി ബിനു അധ്യക്ഷത വഹിക്കും.
സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യാനന്തരവും പോരാട്ടങ്ങളുടെയും വിപ്ലവസമരങ്ങളുടെയും ഭൂമികയായിരുന്നു വൈക്കം. രാജാധികാരികൾ, ജന്മിമാർ, ബ്രിട്ടീഷുകാർ എന്നിവർക്കെതിരെയും ജാതിവിവേചനത്തിനെതിരെയും ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയ പൈതൃകം കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെടാനാവുന്നതാണ്.
1943ലാണ് വൈക്കത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കൃതമായത്. ആദ്യകാല നേതാക്കളായ സി.കെ.വിശ്വനാഥൻ, പി.എസ്.ശ്രീനിവാസൻ എന്നിവർക്കൊപ്പം കയർ ഫാക്ടറി തൊഴിലാളികളും ചേർന്ന് 12 പേരാണ് പാർട്ടിയെ വൈക്കത്തിന്റെ മണ്ണിൽ വേരുറപ്പിച്ചത്.
എൻ.കെ.രാമവർമ തമ്പാൻ, എൻ.മാധവൻ, പി.എസ്.വാവ, പുല്ലുകാട്ട് പത്മനാഭൻ, എൻ.ദാമോദരൻ, കെ.പി.വാസവൻ, വി.കെ.ഗംഗാധരൻ, പി.കെ.ഗോവിന്ദൻ തുടങ്ങിയവരും സി.കെ.വിശ്വനാഥനും പി.എസ്.ശ്രീനിവാസനുമൊപ്പം കൂട്ടിവായിക്കപ്പെടേണ്ട പേരുകളാണ്. അവകാശസമരങ്ങളിൽ അടിയുറച്ച് ഒളിവിലും തെളിവിലും പ്രവർത്തിച്ച നേതാക്കൾ ദീർഘനാൾ തടവറയിൽ ക്രൂരമർദനമേൽക്കുകയും തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
വൈക്കം, ഏറ്റുമാനൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ നിരവധി പാർട്ടിപ്രവർത്തകർ മർദനമേറ്റ് തടവിൽ കഴിഞ്ഞിട്ടുണ്ട്.
1986ലും 2011ലുമാണ് മുമ്പ് വൈക്കത്ത് സി.പി.ഐ ജില്ല സമ്മേളനം നടന്നത്. 1986ൽ ആദ്യകാല നേതാവായ സി.കെ.ചന്ദ്രപ്പനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സി.പി.ഐ ശക്തികേന്ദ്രമായ വൈക്കത്തെ നിരവധി അണികളെ നിരത്തി ജില്ല സമ്മേളനം സംഘടിപ്പിച്ചത്. കെ.പി.എ.സിയുടെ അശ്വമേധം നാടകവും അന്ന് അരങ്ങേറി.
2011ൽ നടന്ന സാംസ്കാരിക സമ്മേളനമായിരുന്നു ഡോ. സുകുമാർ അഴിക്കോട് അവസാനമായി പങ്കെടുത്ത പൊതുസമ്മേളനം. സി.കെ.ചന്ദ്രപ്പൻ, കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം തുടങ്ങിയ നേതാക്കളായിരുന്നു ജില്ലയിലെ പാർട്ടിയുടെ അന്നത്തെ പ്രധാന ശക്തിസ്രോതസ്സുകൾ.
വൈക്കം സത്യഗ്രഹവേളയിൽ മഹാത്മാഗാന്ധി സംവാദത്തിനായി എത്തിയ ഇണ്ടംതുരുത്തി മന 1964 മേയിലാണ് സി.പി.ഐ നേതാവ് സി.കെ.വിശ്വനാഥൻ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂനിയന്‍ വേണ്ടി വിലയ്ക്ക് വാങ്ങിയത്.
എ.ഐ.ടി.യു.സി ഓഫിസാണ് ഇപ്പോൾ മന. 2024 ഡിസംബർ 24ന് മഹാത്മജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി മനയിൽ എത്തിയിരുന്നു. ഗാന്ധിജിയെ പണ്ട് വെളിയിൽ ഇരുത്തിയ മനയിൽ സ്വാതന്ത്ര്യത്തോടെ കയറാൻ കഴിഞ്ഞത് ധന്യമുഹൂർത്തമെന്ന് ഓർമപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്. സി.പി.ഐ നേതാവ് സി.കെ. വിശ്വനാഥന്റെ സ്മരണാർഥം സംഘടിപ്പിച്ച പുരസ്കാരം സ്വീകരിക്കാനാണ് തുഷാർ ഗാന്ധി എത്തിയത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാടാണ് വൈക്കം. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായ സി.കെ.വിശ്വനാഥന്റെ മകനാണ് ബിനോയ് വിശ്വം.
സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ നാട്ടിൽനിന്ന് പുറപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനത്തിൽ ഏഴു കിലോമീറ്റർ സഖാക്കളോടൊപ്പം സഞ്ചരിച്ച് വൈക്കം വലിയ കവലയിൽ എത്തിയതും സി.കെ.ചന്ദ്രപ്പന്റെ സുദീർഘമായ സാർവദേശീയപ്രഭാഷണം കേട്ടതും സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായ സാംജി ടി.വി പുരം ഇന്നും മറന്നിട്ടില്ല. വൈക്കത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ത്യാഗപൂർണമായ പോരാട്ടത്തിന്റെ ഒരേടാണെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
സാംജി ടി.വിപുരം
കോട്ടയം: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതിന്റെ ശതാബ്ദിവര്‍ഷത്തിൽ വൈക്കത്ത് ജില്ല സമ്മേളനം നടക്കുമ്പോൾ സഹപ്രവർത്തകരിൽ നോവ് പടർത്തുകയാണ് ആർ.ബിജുവിന്റെ വേർപാട്. വിദ്യാര്‍ഥി-യുവജന സംഘടന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തീപ്പൊരിപ്രസംഗങ്ങളിലൂടെ പ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്ന കരുത്തുറ്റ പ്രവർത്തകനായിരുന്നു അദ്ദേഹം.
ഉജ്വലവാഗ്മി, മികവുറ്റ സംഘാടകന്‍ എന്നിങ്ങനെ വിവിധതലങ്ങളില്‍ ശ്രദ്ധേയനായിരുന്നു. എവിടെയും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ ഒരിക്കലും മടികാണിക്കാത്ത ആര്.ബിജു ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. എ.ഐ.വൈ.എഫ് ഭാരവാഹിയായിരുന്ന കാലത്ത് ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം ജില്ലയിലാകെ നിറസാന്നിധ്യമായിരുന്നു.
ആർ.ബിജു (ഫയൽചിത്രം)
വിവിധ സമരങ്ങളിലായി മൂന്നു മാസത്തോളം ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. മരണത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് വരെ പാര്‍ട്ടി സഖാക്കളോട് ബ്രാഞ്ച് സമ്മേളനങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ച് മറ്റും സംസാരിച്ച ബിജു അവസാനനിമിഷവും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2024 ഡിസംബർ 28നായിരുന്നു ആർ. ബിജുവിന്റെ അപ്രതീക്ഷിത വേർപാട്.
11ന് വൈക്കം വടക്കേനട എൻ.എസ്.എസ് ഓഡിറ്റോറിയത്തിലെ ആര്.ബിജു നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.