കോട്ടയം: നാളെ വൈക്കത്ത് ആരംഭിക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിൽ നിലവിലെ സെക്രട്ടറി വി.ബി. ബിനു സ്ഥാനമൊഴിയുമെന്ന് സൂചന. പകരം ജോൺ വി. ജോസഫോ, അഡ്വ. വി.കെ. സന്തോഷ് കുമാറോ ജില്ല സെക്രട്ടറിയാകുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ സമ്മേളനത്തിൽ തെരഞ്ഞെടുപ്പിലൂടെയാണ് വി.ബി. ബിനു സെക്രട്ടറിയായി ചുമതലയേറ്റത്. അത്തരമൊരു സാഹചര്യം വൈക്കത്ത് അടുത്ത ദിവസങ്ങളിൽ നടക്കുന്ന ജില്ല സമ്മേളനത്തിലുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പ്രായപരിധി കൂടി പരിഗണിച്ച് ബിനു സെക്രട്ടറി സ്ഥാനം ഒഴിയുമെന്നാണ് അവർ വ്യക്തമാക്കുന്നത്. സെക്രട്ടറിയായി തുടരാനില്ലെന്ന സൂചന ബിനുവും നൽകിയിട്ടുണ്ട്.
ബിനു ഒഴിയുകയാണെങ്കിൽ കഴിഞ്ഞതവണ പരിഗണിക്കപ്പെട്ട എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, അസി. സെക്രട്ടറി ജോൺ വി. ജോസഫ്, ജില്ല എക്സിക്യൂട്ടിവ് അംഗം വി.ടി. തോമസ് എന്നിവരിൽ ആരെങ്കിലുമൊരാൾ സെക്രട്ടറിയാകുമെന്നാണ് വിവരം. സന്തോഷ് കുമാറിനാണ് ഏറെ സാധ്യത കൽപിക്കുന്നത്.
ജില്ല സമ്മേളനം വെള്ളിയാഴ്ച മുതൽ പത്ത് വരെ വൈക്കത്താണ് നടക്കുന്നത്. സംഘാടക സമിതി പ്രസിഡന്റ് ജോൺ വി. ജോസഫ് പതാക ഉയർത്തും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ലാ അഡ്വ. വി. ബി. ബിനു അധ്യക്ഷതവഹിക്കും. ജില്ലയിലെ 11 മണ്ഡലം സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 11 മണിക്ക് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാർട്ടിയുടെ ജന്മശതാബ്ദി സമ്മേളനം മന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ 9.30 ന് ആർ. ബിജു നഗറിൽ പ്രതിനിധി സമ്മേളനം തുടരും. ഉച്ചയ്ക്ക് ശേഷം ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറയും. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുക്കും. തുടർന്ന് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്ത് വൈകുന്നേരം അഞ്ചുമണിക്ക് സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.