കോട്ടയം: ഡിജിറ്റൽ സർവേ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ വില്ലേജെന്ന ഖ്യാതി വൈക്കം താലൂക്കിലെ ഉദയനാപുരത്തിന്. ഭൂവുടമകൾക്ക് കൃത്യമായ ഭൂരേഖ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ നടപടി പൂർത്തിയാക്കിയ സംസ്ഥാനത്തെ മൂന്നാമത്തെ വില്ലേജും ഉദയനാപുരമാണ്.
2023 ഫെബ്രുവരിയിലാണ് ഉദയനാപുരത്ത് സർവേ തുടങ്ങിയത്. ചങ്ങനാശേരി താലൂക്കിലെ തോട്ടയ്ക്കാട്, പായിപ്പാട് വില്ലേജുകളിൽ അടുത്ത മാസത്തോടെ സർവേ പൂർത്തിയാക്കി പുതിയ ഭൂരേഖകൾ റവന്യൂ വകുപ്പിനു കൈമാറും.
ഉദയനാപുരത്തെ ജനങ്ങൾക്കു ഭൂമി കൈമാറ്റം, ഭൂമി തരംതിരിക്കൽ, കരം അടക്കൽ ഉൾപ്പെടെ സേവനങ്ങൾ ‘എന്റെ ഭൂമി’ (https://entebhoomi.kerala.gov.in) പോർട്ടലില്‍ ലഭിക്കും. ഓൺലൈനായി ഭൂ വിവരങ്ങള്‍ അറിയാനും ഭൂരേഖയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുമാകും. ആദ്യ മൂന്നുഘട്ടങ്ങളിലായി 32 വില്ലേജിലെ 46,713.6 ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തിയായി. ആദ്യഘട്ടത്തിൽ ഉദയനാപുരം ഉൾപ്പെടെ ഒമ്പത് വില്ലേജുകളാണുള്ളത്. രണ്ടും മൂന്നും ഘട്ടങ്ങളില്‍ 13ഉം 10ഉം വില്ലേജുകളും. ഇതിൽ 22 വില്ലേജുകളിലെ ഫീൽഡ് സർവേ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ഭൂ ഉടമകൾക്ക് ‘എന്റെ ഭൂമി’ പോർട്ടലിൽ മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്ത് ഭൂവിവരങ്ങൾ പരിശോധിക്കാം.ഡിജിറ്റൽ സർവേ പൂർത്തീകരിച്ച വില്ലേജുകളിലെ ഭൂവുടമകൾ ഓൺലൈനിലോ അല്ലാതെയോ സ്ഥലവിവരങ്ങൾ പരിശോധിച്ചു മൊബൈൽ നമ്പർ വെരിഫിക്കേഷൻ ഉറപ്പാക്കണം.
അല്ലാത്തപക്ഷം രേഖകള്‍ റവന്യൂ ഭരണത്തിന് കൈമാറിയശേഷം കരം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള തുടർ സേവനങ്ങൾക്ക് തടസ്സം നേരിടാനിടയുണ്ടെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ‘ എന്ന ലക്ഷ്യത്തോടെ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ സംയുക്തമായാണ് മുഴുവൻ വില്ലേജിലും ഡിജിറ്റൽ സർവേ നടപ്പാക്കുന്നത്. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ നല്‍കുന്നതിനൊപ്പം ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടി ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.