കോട്ടയം: ജനഹൃദയങ്ങളിൽ സാന്നിധ്യം ഉറപ്പിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഓർമയാണ് വി.എസ്. എന്ന രണ്ടക്ഷരം കേട്ടാൽ കോട്ടയത്തുകാരുടെ മനസ്സിൽ നിറയുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും പാർട്ടിക്കുള്ളിൽ നിലനിന്ന ‘വിഭാഗീയത’ ഓർമപ്പെടുത്തുന്ന സംഭവത്തിനാണ് കോട്ടയം അന്ന് സാക്ഷ്യംവഹിച്ചത്. കേരളത്തിന്റെ വിപ്ലവ സൂര്യൻ ഓർമയാകുമ്പോൾ 17 വർഷം മുമ്പ് നടന്ന സമ്മേളനം കോട്ടയത്തുകാരുടെ മനസ്സിലേക്ക് ഇന്നലെയെന്ന പോലെ ഓടിയെത്തുകയാണ്. അന്ന് അതിന് സാക്ഷ്യംവഹിച്ച പലരും ഇന്നില്ല, വേദിയിലും സദസ്സിലുമുണ്ടായിരുന്ന പല നേതാക്കളും പ്രായാധിക്യത്താലും അല്ലാതെയും ഇപ്പോൾ സജീവമല്ലെന്നതും മറ്റൊരു സത്യം.
വാക്കുകൊണ്ടും പഴിചാരൽ കൊണ്ടും ചരിത്രമായ സംസ്ഥാന സമ്മേളനമായിരുന്നു കോട്ടയത്തേത്. 2008 ഫെബ്രുവരിയിൽ കോട്ടയത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനമാണ് എന്തുകൊണ്ടും ചരിത്രത്തിൽ ഇടംപിടിച്ചത്. മഴയിലും സംഘർഷത്തിലും കലാശിച്ച സി.പി.എമ്മിന്റെ ഏക സംസ്ഥാന സമ്മേളനമായിരുന്നു അത്. മറ്റ് സംസ്ഥാന സമ്മേളനങ്ങളോടനുബന്ധിച്ച പൊതുസമ്മേളനങ്ങളിൽനിന്നും വ്യത്യസ്തമായി സ്വാഗതവും അധ്യക്ഷപ്രസംഗവും ഉദ്ഘാടന പ്രസംഗവും മാത്രമായി ചുരുങ്ങിയ സമ്മേളനമായിരുന്നു അത്. അതും വി.എസ്. അച്യുതാനന്ദൻ എന്ന വ്യക്തിയുടെ പേരിലായിരുന്നു എന്നത് ചരിത്രം.
2006 മുതൽ ’11 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഏറെ ജനപ്രിയനായി മാറിയ കാലഘട്ടമായിരുന്നു അത്. എന്നാൽ, അത് പാർട്ടിക്കുള്ളിൽ അത്ര സ്വീകാര്യമായിരുന്നോയെന്ന സംശയം ബാക്കി. ഫെബ്രുവരി 14ന് നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. സമ്മേളനത്തിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അനുകൂലമായി ‘കണ്ണേ കരളേ വി.എസേ’ മുദ്രാവാക്യം വിളിച്ച പ്രവർത്തകരും റെഡ് വളന്റിയർമാരും തമ്മിൽ സംഘർഷമുണ്ടായതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രസംഗിക്കുമ്പോൾ ആവേശഭരിതരായ പ്രവർത്തകർ ഉറക്കെ മുദ്രാവാക്യം വിളിച്ച് കൊടികൾ വീശി. ചിലർ വി.എസിന്റെ കട്ടൗട്ടുകൾ ഉയർത്തി. ആകാശത്തേക്ക് കുപ്പികൾ വലിച്ചെറിയുകയുമുണ്ടായി. എന്നാൽ, തുടർന്ന് പാർട്ടി സെക്രട്ടറി പിണറായി വിജയൻ പ്രവർത്തകരുടെ അച്ചടക്കമില്ലായ്മയെ രൂക്ഷമായി വിമർശിച്ചു: ‘ഇവിടെ നടക്കുന്നത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല. ഇതു സി.പി.എമ്മിന്റെ സമ്മേളനമാണ്.’ എന്ന പിണറായിയുടെ വാക്കുകൾ പിന്നീട് വലിയ രാഷ്ട്രീയ ചർച്ചയുമായി.
എന്നാൽ, പിണറായിയുടെ മുന്നറിയിപ്പിനെത്തുടർന്നും വി.എസ് അനുകൂല മുദ്രാവാക്യം വിളികളും ബഹളവും തുടർന്നു. അതോടെ ഇങ്ങനെയൊരു സമ്മേളനമാകുമ്പോൾ പലതരക്കാർ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടത് വളന്റിയർമാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ്സ് റെഡ് വളന്റിയർമാർ കാണിക്കണമെന്ന് പിണറായി നിർദേശിച്ചു. അതോടെ റെഡ് വളന്റിയർമാർ ഇടപെട്ട് മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നിട്ടും പ്രശ്നം തീരാത്തതിനെ തുടർന്ന് സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
വേദിക്ക് മുന്നിൽ സംഘർഷം തുടരുമ്പോൾ പിണറായി വിജയനൊഴികെ മറ്റ് നേതാക്കൾ വേദിവിട്ടു. അതിനിടെ വൈദ്യുതിബന്ധം നിലച്ചു. ഏറ്റവുമൊടുവിൽ കോട്ടയത്തെ നേതാക്കളോടൊപ്പമാണ് പിണറായി വിജയൻ അന്ന് വേദിവിട്ടത്. ആ വിഭാഗീയത പിന്നീട് പല രാഷ്ട്രീയ വാഗ്വാദങ്ങൾക്കും വി.എസിന് പാർട്ടിയിലെ സ്ഥാനമാനങ്ങൾ നഷ്ടമായെന്നതും ചരിത്രം. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് വി.എസിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന ജില്ലയാണ് കോട്ടയം. ഒരുകാലത്ത് വി.എസ്. അച്യുതാനന്ദൻ വിഭാഗത്തിന് ശക്തമായ വേരോട്ടവും ഇവിടെയുണ്ടായിരുന്നു. പക്ഷേ, പാർട്ടിയിൽ വി.എസ്. അച്യുതാനന്ദന്റെ സ്വാധീനം കുറഞ്ഞതോടെ ജില്ലയിലും വിഭാഗീയത നിലച്ചു. ഒടുവിൽ പാമ്പാടിയിൽ നടന്ന സി.പി.എം ജില്ല സമ്മേളനത്തിൽ വി.എസിന്റെ പേരുപോലും ആരും പറഞ്ഞില്ലെന്നതും സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.