കോട്ടയം സി.എം.എസ് കോളജിൽ ഗ്രേറ്റ് ഹാളിന്റെ മാതൃകയിൽ നിർമിച്ച അക്വേറിയം
കോട്ടയം: ഗ്രേറ്റ് ഹാളിന്റെ മാതൃകയിൽ അക്വേറിയം, ഓട്ടോമേറ്റഡ് ഇറിഗേഷൻ സംവിധാനം, ആധുനികരീതിയിൽ ഫുഡ് കോർട്ട്, ഡിജിറ്റൽ ലൈബ്രറി... അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി മാറുകയാണ് കേരളത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളജ്.
അക്കാദമിക് ടൂറിസത്തിന്റെ ഭാഗമായി കാമ്പസ് വിദ്യാർഥികൾക്ക് തുറന്നു നൽകാനാണുദ്ദേശ്യം. കവാടത്തിൽതന്നെയാണ് പുറത്ത് അക്വേറിയവും അകത്ത് തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റുമായി പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇവിടെ മത്സ്യങ്ങളുടെ പ്രദർശനത്തിനൊപ്പം വിൽപനയുമുണ്ടാകും. കെട്ടിടത്തിൽ സന്ദർശകർക്ക് ഇരിപ്പിടങ്ങളുമൊരുക്കിയിട്ടുണ്ട്.
നിർമാണം പൂർത്തിയായെങ്കിലും ഫുഡ് കോർട്ടിന്റെയും ഓട്ടോമേറ്റഡ് ഇറിഗേഷൻ സംവിധാനത്തിന്റെയും പണി കഴിഞ്ഞ ശേഷം ഒന്നിച്ച് ഉദ്ഘാടനം നടത്താൻ കാത്തിരിക്കുകയാണ്. അലങ്കാര മത്സ്യങ്ങളുടെ പ്രജനനവും പരിപാലനവും നിലവിൽ സുവോളജി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കോളജിൽ നടക്കുന്നുണ്ട്. 12 ടാങ്കിലായി നിരവധി ഇനം അലങ്കാര മത്സ്യങ്ങളും ഉണ്ട്. ഇവയെയാണ് അക്വേറിയത്തിലേക്ക് മാറ്റുക. കോളജിലെ പതിനായിരത്തോളം വരുന്ന മരങ്ങളുടെ ഇലകൾ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 ലക്ഷം രൂപ തനത് ഫണ്ടുപയോഗിച്ച് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിൽനിന്നുള്ള വളം കാമ്പസിലെ ഓർഗാനിക് ഫാമിൽ ഉപയോഗിക്കും.
40 ഏക്കറിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. ഇതിൽ പത്ത് ഏക്കറിൽ പൂർണമായി ആർക്കും കടക്കാൻ കഴിയാത്ത വിധത്തിൽ വനമാണ്. 750 ഇനം മരങ്ങളും കാമ്പസിൽ സംരക്ഷിക്കപ്പെടുന്നു. ഇവയുടെയെല്ലാം പേരെഴുതിയ ബോർഡും വിവരങ്ങളടങ്ങിയ ക്യു.ആർ കോഡും മരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. കാമ്പസിലെ ചെടികൾക്കും ഫാമിലേക്കും കോളജിലെ കിണറ്റിൽനിന്ന് വെള്ളം സ്പ്രിങ്ക്ൾ ചെയ്യാനാണ് ഓട്ടോമേറ്റഡ് ഇറിഗേഷൻ സംവിധാനം ഒരുക്കുന്നത്. 6,000 ലിറ്റർ ശേഷിയുള്ള ടാങ്കിന്റെയും പമ്പ് ഹൗസിന്റെയും പണി കോളജ് ഗേറ്റിനരികിൽ പൂർത്തിയാവുന്നു. 12 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്.
നിലവിലെ കാന്റീനിനോടുചേർന്ന് ആധുനിക രീതിയിലുള്ള ഫുഡ്കോർട്ടും അന്തിമ ഘട്ടത്തിലാണ്. ലൈബ്രറിയുടെ നവീകരണവും പൂർത്തിയാവുന്നതോടെ കേരളത്തിലെ വലിയ ലൈബ്രറികളിലൊന്നാവും സി.എം.എസിലേത്. 6,000 ച.അടിയിലാണ് ഡിജറ്റൽ ലൈബ്രറി ഒരുങ്ങുന്നത്.
കാമ്പസ് സന്ദർശകർക്കായി തുറക്കും
കോട്ടയം: കാമ്പസ് ശരിക്കും ബൊട്ടാണിക്കൽ ഗാർഡനാണ്. അപൂർവ ഇനം സസ്യങ്ങളും മരങ്ങളും ഇവിടെയുണ്ട്. ഇവയെ പരിചയപ്പെടാനും അടുത്തറിയാനും വിദ്യാർഥികൾക്കും ഗവേഷകർക്കും അവസരം നൽകും. അക്കാദമിക് ടൂറിസത്തിന്റെ ഭാഗമായി കാമ്പസ് ശനി, ഞായർ ദിവസങ്ങളിൽ തുറന്നു നൽകാനാണുദ്ദേശിക്കുന്നത്. ഇതിനായി രജിസ്ട്രേഷൻ സൗകര്യവും ഒരുക്കും. നവംബർ ആദ്യം ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷ
-സി.എം.എസ് കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് സി. ജോഷ്വ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.