യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അയർകുന്നം പഞ്ചായത്തിലെ കല്ലിട്ടുനടയിൽ പ്രവർത്തിക്കുന്ന ശർക്കര ഫാക്ടറി സന്ദർശിക്കുന്നു
കോട്ടയം: അയർക്കുന്നം ജങ്ഷനിൽനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പര്യടനം വ്യാഴാഴ്ച ആരംഭിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. അയർക്കുന്നം കവലയിലെ ജനങ്ങളോട് വോട്ട് ചോദിച്ച ശേഷമാണ് സ്ഥാനാർഥി പര്യടനവാഹനത്തിൽ കയറിയത്.
കല്ലിട്ടുനടയിൽ പ്രവർത്തിക്കുന്ന ശർക്കര ഫാക്ടറി സന്ദർശിച്ചു. കരുനോട്ട് കവലയിൽ ‘ഐ ലവ് യു’ എന്ന് എഴുതിയ ചാണ്ടി ഉമ്മന്റെ ചിത്രവുമായാണ് അൽഫോൺസ് എന്ന കുട്ടി സ്ഥാനാർഥിയെ കാത്തുനിന്നത്. കുട്ടിക്ക് ഉമ്മയും നൽകി കൂടെനിന്ന് ഫോട്ടോയും എടുത്ത് യാത്ര തുടർന്നു.
പാറേക്കടവിൽ ബീന ജോബി എന്ന പ്രവർത്തക ചാണ്ടി ഉമ്മനുവേണ്ടി സ്വന്തമായി എഴുതിയ പാട്ടുപാടിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പുന്നത്തറ സെന്റ് ജോസഫ് ഹൈസ്കൂൾ പരിസരത്ത് സ്കൂൾ വിദ്യാർഥികൾ കാത്തുനിന്നിരുന്നു.
തിരുവഞ്ചൂർകവലയും തൂത്തുട്ടിയും പിന്നിട്ട് ചാണ്ടി ഉമ്മൻ ഉച്ചഭക്ഷണത്തിന് പിരിയേണ്ട തണ്ടാശ്ശേരിയിൽ എത്തിയത് വൈകീട്ട് 4.30ന്. ചെറിയൊരു ഇടവേളയിൽ ഭക്ഷണംകഴിച്ച് വീണ്ടും പര്യടനം തുടർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒറവക്കൽ ജങ്ഷനിൽ പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
വെള്ളൂരിൽ തൊഴിലിടങ്ങൾ സന്ദർശിച്ചുകൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് വ്യാഴാഴ്ചയിലെ പ്രചാരണം ആരംഭിച്ചത്. വെള്ളൂരിലെ ഗാർമെന്റ് യൂനിറ്റ്, ചെരുപ്പ് നിർമാണ കേന്ദ്രം തുടങ്ങിയിടങ്ങളിൽ സ്ഥാനാർഥിക്ക് വലിയ സ്വീകരണം ലഭിച്ചു. തുടർന്ന് പാമ്പാടി ഖാദി ഉൽപാദന കേന്ദ്രത്തിലെത്തി.
പനിനീർ പൂക്കൾ നൽകിയും ഷാളണിയിച്ചുമാണ് സ്ത്രീ തൊഴിലാളികൾ സ്വീകരിച്ചത്. തുടർന്ന് സെന്റ് ജോൺസ് സ്പെഷൽ സ്കൂളിലെ അധ്യാപകരെ കണ്ട് വോട്ടുതേടി. ഗ്രാമറ്റം റബർ ഫാക്ടറിയിലെത്തി. കൂരോപ്പട പുതുവയലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം അൽപനേരം ചെലവിട്ടു. വൈകീട്ടോടെ പുതുപ്പള്ളിയിലും അയർക്കുന്നത്തും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗങ്ങളിലേക്ക്.
പുതുപ്പള്ളി, ഏറികാട് മേഖലകളില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി ജി. ലിജിന്‍ലാല്‍ സമ്മതിദായകരെ നേരില്‍കണ്ടു. ഉച്ചക്കുശേഷം വാകത്താനം അമ്പലക്കവലയില്‍നിന്ന് പര്യടനവും ബൂത്ത് സന്ദര്‍ശനവും നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി പര്യടനം ഉദ്ഘാടനം ചെയ്തു.
വിവിധ പോയന്റുകളില്‍ സ്വീകരണം ഏറ്റുവാങ്ങി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു. വാഹനപര്യടന സമാപന സമ്മേളനം ശോഭ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച മണര്‍കാട് പഞ്ചായത്തിലെ വോട്ടര്‍മാരെ നേരില്‍കാണും. ഉച്ചകഴിഞ്ഞ് വാഹനപര്യടനം അയര്‍ക്കുന്നം പഞ്ചായത്തിലാണ്. തിരുവഞ്ചൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജി. രമയാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് അയര്‍ക്കുന്നത്ത് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം നിര്‍വഹിക്കും.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ മണ്ഡലത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളോട് എതിരാടാൻ കളത്തിൽ സജീവമായി ആംആദ്മി. സ്ഥാനാർഥി ലൂക്ക് തോമസിന്റെ ഇലക്ഷന് പ്രചാരണം അയർക്കുന്നം ജങ്ഷനിൽ ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഉബൈദത്ത്, നവാസ് ആശാൻ, ഫാത്തിമ, ബേബിച്ചൻ ജോസഫ്, ജോബി കൂമ്പുങ്കൽ, ജോസഫ് സെബാസ്റ്റ്യൻ, അഡ്വ. സന്തോഷ് കണ്ടംചിറ, ശരത് ദേവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.