തകർച്ചയിലുള്ള ബോട്ട് ദുരന്ത സ്മാരക മന്ദിരം, പാതിതകർന്ന മേൽക്കൂര മാത്രമായ സ്നാക്സ് പാർലർ 

–ദിലീപ് പുരക്കൽ

ദുരന്തമായി ബോട്ട് ദുരന്തസ്മാരക മന്ദിരം

കോട്ടയം: സഞ്ചാരികൾക്കും ബോട്ട് യാത്രക്കാർക്കും വിശ്രമകേന്ദ്രമെന്ന നിലയിൽ വിഭാവനം ചെയ്ത ബോട്ട് ദുരന്തസ്മാരക മന്ദിരം കുമരകത്തെ മറ്റൊരു 'ദുരന്തക്കാഴ്ച'യാണ്. എല്ലാവരും കൈവിട്ടതോടെ തുറന്നുകിടക്കുന്ന സ്മാരക മന്ദിരം നായ്ക്കളുടെ വിശ്രമകേന്ദ്രമായി മാറി.

മുകൾനിലയിൽ ഡോർമെറ്റിറി സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇവിടം ചോർന്നൊലിക്കുകയാണ്. ഡോർമെറ്റിറി യാഥാർഥ്യമായിരുന്നെങ്കിൽ കുറഞ്ഞ ചെലവിൽ വിനോസഞ്ചാരികൾക്ക് താമസിക്കാൻ കുമരകത്ത് ഒരിടമെന്ന കാത്തിരിപ്പിന് അറുതിയാകുമായിരുന്നു. നിലവിൽ കെട്ടിടത്തിന്‍റെ തൂണുകളുടെയും ഷെയ്ഡിന്‍റെ കോൺക്രീറ്റ് അടർന്നുതുടങ്ങി. ടൈലുകളും തകർന്നുതുടങ്ങിയിട്ടുണ്ട്. പല ഭാഗങ്ങളിലും മരങ്ങൾ വളരുന്ന സ്ഥിതിയാണ്.

ചുറ്റും മാലിന്യം നിറഞ്ഞു. സാമൂഹികവിരുദ്ധരുടെ താവളമായും കെട്ടിടം മാറി. മുഹമ്മ- കുമരകം ബോട്ട് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലവും ശുചിമുറി സൗകര്യവും കെട്ടിടത്തിൽ ഒരുക്കിയിരുന്നു.

സംരക്ഷണം ഇല്ലാതെ വൃത്തിഹീനമായതോടെ ഇവിടേക്ക് യാത്രക്കാർ കയറാതായി. കെട്ടിടത്തിനുള്ളിലെ ശുചിമുറി ഉപയോഗിക്കാൻ കഴിയാതെവന്നതോടെ പുറത്ത് പുതിയത് നിർമിച്ചു. അധികനാൾ കഴിയുംമുമ്പ് ഇതും നശിച്ചു. അടുത്തിടെ ശുചിമുറികൾ നവീകരിക്കാൻ നടപടി തുടങ്ങിയെങ്കിലും നിലച്ചു.

പെയിന്‍റ് അടിച്ച് കെട്ടിടം നവീകരിക്കാൻ നടപടി തുടങ്ങിയതായി പഞ്ചായത്ത് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇഴയുകയാണ്. നേരത്തേ ഈ കെട്ടിടത്തിൽ ഡി.ടി.പി.സിയുടെയും ഇറിഗേഷൻ വകുപ്പിന്‍റെയും ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും ഇവയുടെ പ്രവർത്തനവും മറ്റിടങ്ങളിലേക്ക് മാറ്റി.

2002ൽ ജൂലൈ 27ന് വേമ്പനാട്ടുകായലിൽ ഉണ്ടായ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്കും രക്ഷാപ്രവർത്തനം നടത്തിയ കുമരകം നിവാസികൾക്കുമുള്ള സമ്മാനവുമായാണ് മന്ദിരം പണിതത്. പഞ്ചായത്ത് നൽകിയ സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിട്ടായിരുന്നു ഇറിഗേഷൻ വകുപ്പ് കെട്ടിടം നിർമിച്ചത്. കെട്ടിടം നോക്കുകുത്തിയായതോടെ പ്രാഥമികാവശ്യങ്ങള്‍ക്ക് നിർവഹിക്കാനുള്ള ഏക സൗകര്യത്തിനുകൂടിയാണ് താഴ് വീണത്.

തർക്കത്തിൽ തകർന്ന് സ്നാക്സ് പാര്‍ലര്‍

കുമരകം നേരിടുന്ന വലിയ പ്രതിസന്ധിയാണ് വകുപ്പുകൾ തമ്മിലുള്ള തർക്കം. പല പദ്ധതികൾക്കും തിരിച്ചടിയായതും ഇത്തരം തർക്കങ്ങളായിരുന്നു.

ഇതിന്‍റെ ഏറ്റവുംവലിയ ഉദാഹരണങ്ങളിലൊന്നാണ് കുമരകം ബോട്ട് ജെട്ടിക്ക് സമീപത്തായി കായലോരത്ത് നിർമിച്ച സ്നാക്സ് പാർലർ. കുമരകത്ത് എത്തുന്നവർക്ക് കായൽ കാണാൻ കഴിയുന്ന ഏകയിടം കൂടിയായ ഇവിടെ വലിയ പ്രതീക്ഷയോടെയാണ് വിശ്രമകേന്ദ്രവും സ്നാക്സ് പാർലറും നിർമിക്കാൻ തീരുമാനിച്ചത്. പാർലറും ശുചിമുറി സൗകര്യവുമുള്ള വിശ്രമകേന്ദ്രത്തിനുമൊപ്പം ഇവിടേക്ക് ബോട്ടുജെട്ടി ഭാഗത്തുനിന്ന് നടപ്പാതയും ടൂറിസം വകുപ്പ് നിർമിച്ചു. എന്നാൽ, തുടക്കംമുതൽ തർക്കത്തിൽ ഉലഞ്ഞു. നിർമാണം പൂർത്തിയാതിനുപിന്നാലെ അന്നത്തെ കുമരകം പഞ്ചായത്ത് ഭരണസമിതി ഏതിർപ്പുമായി രംഗത്തെത്തി.

പഞ്ചായത്തിന്‍റേതാണ് സ്ഥലമെന്നതിനാൽ നടത്തിപ്പ് ചുമതല പഞ്ചായത്തിനെന്നായിരുന്നു ഇവരുടെ വാദം. വിശ്രമകേന്ദ്രത്തിന് നമ്പർ നൽകാനും കുമരകം പഞ്ചായത്ത് തയാറായില്ല. തർക്കം നീണ്ടതോടെ കലക്ടർ അടക്കം ഇടപെട്ടതിനൊടുവിലാണ് കെട്ടിടത്തിന് നമ്പർ നൽകാൻ അന്നത്തെ പഞ്ചായത്ത് ഭരണസമിതി തയാറായത്. ഇതിനുപിന്നാലെ സ്നാക്സ് പാര്‍ലര്‍ തുറന്നെങ്കിലും വൈകാതെ അടക്കേണ്ടിവന്നു.

ഇതോടെ സാമൂഹിക വിരുദ്ധരുടെ താവളംകൂടിയായി ഇവിടം മാറി. ശുചിമുറിയുടെ ടോയ്ലറ്റ് അടക്കമുള്ളവ തകർത്തു. ഇപ്പോൾ പാതിതകർന്ന ഒരു മേൽക്കൂരമാത്രം പഴയ പദ്ധതി ഓർമിപ്പിച്ച് നിലകൊള്ളുന്നു. പാര്‍ലര്‍ വീണ്ടും തുറക്കുകയും ഇതിനോട് ചേര്‍ന്ന് സഞ്ചാരികള്‍ക്കുവേണ്ട ഇരിപ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തയാറാക്കിയാല്‍ കുമരകത്തൊരു വിശ്രമകേന്ദ്രമെന്ന പോരായ്മക്ക് പരിഹാരം കാണാൻ കഴിയും. ടൂറിസം വകുപ്പോ പഞ്ചായത്തോ ആത്മാർഥമായി ഇടപെടണമെന്ന് മാത്രം.

(അവസാനിച്ചു)



Tags:    
News Summary - Boat Disaster Memorial Building is Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.