കോട്ടയം: 'കോവിലിൽ കുളിച്ച് ഇറങ്ങുന്ന പ്രതീതിയാണ് ഇവിടെനിന്ന് ഒാരോ തവണ പുറപ്പെടുേമ്പാഴുമെന്ന' ഗായകൻ യേശുദാസിെൻറ വാക്കുകൾ പോലെ നിരവധി ഓർമകൾ നെഞ്ചേറ്റി 'ബെസ്റ്റോട്ടലിെൻറ'പടിയിറങ്ങാനൊരുങ്ങുകയാണ് എ.പി.എം.ഗോപാലകൃഷ്ണനെന്ന കോട്ടയത്തിെൻറ ബെസ്റ്റോട്ടൽ ഗോപു. അക്ഷരനഗരിയുടെ രുചിഭേദങ്ങൾക്കൊപ്പമുണ്ടായിരുന്ന 'ബെസ്റ്റോട്ടല്‍' 77 വര്‍ഷത്തിന് ശേഷം ആഗസ്റ്റ് 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഇതിെൻറ ഭാഗമായി കോട്ടയം പ്രസ് ക്ലബിൽ നടന്ന 'മുഖാമുഖ'ത്തിലാണ് ഹോട്ടലിന് നേതൃത്വം നൽകുന്ന എ.പി.എം.ഗോപാലകൃഷ്ണൻ രുചിയോർമകൾ പങ്കിട്ടത്. മികച്ച ഭക്ഷണമെന്നതായിരുന്നു ഞങ്ങളുടെ ചിന്ത. മായമൊന്നും ചേർത്തിരുന്നുമില്ല- ഇത് അല്ലാതെ മറ്റൊരു രുചി രഹസ്യവും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഇത്ര വർഷങ്ങളായിട്ടും ഒരു തൊഴിൽ സമരംപോലും ഉണ്ടായിട്ടില്ലെന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ അടുത്ത തലമുറയിൽ നിന്നാരും കോട്ടയത്ത് ഇല്ലാത്തതാണ് 'ബെസ്റ്റോട്ടലിൽ' നിന്നുള്ള പടിയിറക്കത്തിന് പ്രധാനകാരണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മക്കളായ സന്ധ്യ യു.എസിലും സംഗീത കോഴിക്കോടുമാണ്. എന്നാൽ, പൂർണമായി നിർത്തിയെന്ന് പറയാനാകില്ല. ബെസ്റ്റോട്ടലിെൻറ പേര് നിലനിർത്താൻ ബെസ്റ്റ് ബേക്കറി ഇതിനു സമീപത്തു തുടരും. സഹോദരൻ എം.കെ. രവീന്ദ്രനാകും ബേക്കറി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തരായ സിനിമ താരങ്ങള്‍, എഴുത്തുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഗാനരചയിതാക്കള്‍ എന്നിവരുടെയെല്ലാം കോട്ടയത്തെ താവളമായിരുന്നു െബസ്റ്റോട്ടല്. നഗരത്തിെൻറ ഹൃദയഭാഗത്ത് 1944ൽ ബേക്കറിയായി ആരംഭിച്ച സ്ഥാപനം 54ൽ 'ബെസ്റ്റോട്ടലാക്കി' മാറ്റി. 22 മുറികളുള്ള ലോഡ്ജുമുണ്ടായിരുന്നു. ഈ സ്ഥലവും 5000 സ്ക്വെയര്‍ ഫീറ്റ് കെട്ടിടവും ജോസ്കോ ജ്വല്ലറി ഗ്രൂപ്പിനാണ് കൈമാറുന്നത്.
രാഷ്ട്രീയ വിത്യാസമില്ലാതെ നേതാക്കളുടെ കൂടിച്ചേരലിനുള്ള വേദി കൂടിയായിരുന്നു ബെസ്റ്റോട്ടൽ. തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എ.കെ. ഗോപാലന്, പി.പത്മരാജന്, ജോണ്‍ എബ്രഹാം എന്നിവരെല്ലാം ബസ്റ്റോട്ടലിലെ താമസക്കാരായിരുന്നു. ഗായകന് യേശുദാസ് ആദ്യകാലങ്ങളിൽ കോട്ടയത്ത് എത്തിയാല്‍ താമസിക്കുന്നത് ബെസ്റ്റോട്ടലിലായിരുന്നു. ചലച്ചിത്രതാരങ്ങളായിരുന്ന സത്യന്, പ്രേംനസീര്‍, കെ.പി. ഉമ്മര്‍ എന്നിവരൊക്കെ കോട്ടയത്ത് എത്തിയാലോ കോട്ടയം വഴി കടന്നുപോയാലോ ഭക്ഷണം കഴിക്കാനെത്തിയിരുന്നതും ഇവിടെയായിരുന്നു.
വയലാര്‍ രാമവര്മയും ജി. ദേവരാജന്‍ മാസ്റ്ററും ചേര്‍ന്ന് പ്രസിദ്ധമായ 'ബലികുടീരങ്ങളെ' എന്ന ഗാനത്തിന് രൂപം നല്‍കിയത് ഇവിടത്തെ ഏഴാം നമ്പര്‍ മുറിയിലിരുന്നായിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി' യെന്ന വിഖ്യാത നോവല്‍ രൂപം കൊണ്ടത് ഒമ്പതാം നമ്പര്‍ മുറിയിലായിരുന്നു.അപ്പവും മട്ടന്‍ സ്റ്റൂവുമായിരുന്നു ഇവിടത്തെ ജനപ്രിയ വിഭവം. കോട്ടയത്ത് ആദ്യമായി ചൈനീസ് ഭക്ഷണം പരിചയപ്പെടുത്തിയത് ഇവരായിരുന്നു.
തലശ്ശേരി സ്വദേശിയായ മമ്പള്ളി രാഘവനാണ് െബസ്റ്റോട്ടലിന് തുടക്കമിടുന്നത്. തിരു-ക്കൊച്ചി ക്രിക്കറ്റ് ടീമിെൻറ ആദ്യ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. മമ്പള്ളി രാഘവന് ശേഷം മകൻ എ.പി.എം.ഗോപാലകൃഷ്ണൻ ഹോട്ടല്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. കേരള മുൻ രഞ്ജി താരവും രഞ്ജി ട്രോഫി മുൻ സെലക്ടറുമാണ് ഗോപാലകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.