പൊലീസ് വാഹനത്തിൽനിന്നു ചാടിയ യുവാവിനെ പിടികൂടിയപ്പോൾ
കൂട്ടിക്കൽ: കഞ്ചാവ് ലഹരിയിൽ വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്നുവെച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം. കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിം (25) ആണ് നാട്ടിൽ പരിഭ്രാന്തി പരത്തിയത്. പൊലീസും അഗ്നിരക്ഷ സേനയും ഏറെ ശ്രമിച്ചാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതും പൊലീസിനു തലവേദന സൃഷ്ടിച്ചു. ഞായറാഴ്ച രാവിലെ കൂട്ടിക്കൽ ഔട്ട് പോസ്റ്റിന് സമീപമുള്ള വീട്ടിലായിരുന്നു സംഭവം. രാവിലെ മുതൽ വീട്ടിൽ ബഹളമായിരുന്നെന്ന് അയൽവാസികൾ പറയുന്നു. തുടർന്ന് മാതാവും ഇളയ സഹോദരിയും വീടുവിട്ട് ഇറങ്ങി. ഇതോടെയാണ് ഇബ്രാഹിം രണ്ടു പാചകവാതക സിലിണ്ടർ തുറന്നുവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സും എത്തി. പൊലീസ് വാഹനത്തിൽ മുണ്ടക്കയം സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ചെലിക്കുഴിക്കു സമീപം പറത്താനം കവലയിലാണ് വാഹനത്തിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. റോഡിലേക്ക് വീണ ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. വാഹനത്തിൽ നിന്നു ചാടിയതിനെ തുടർന്ന് പരിക്കേറ്റിട്ടുണ്ട്. നിരവധി കഞ്ചാവ് കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.