കഴിഞ്ഞ ശനിയാഴ്ച പ്രളയത്തിൽ വെള്ളത്തിനടിയായ ഈരാറ്റുപേട്ട–തൊടുപുഴ റോഡ്
ഈരാറ്റുപേട്ട: കഴിഞ്ഞ ശനിയാഴ്ചയുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മീനച്ചിലാറ്റിൽ അടുക്കത്ത് ഡാം നിർമിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് വിഭാവനം ചെയ്തിരുന്ന മീനച്ചിൽ റിവർ വാലി പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ പ്രളയത്തിന്റെ ആഘാതം ഒരു പരിധിവരെ കുറക്കാനാകുമായിരുന്നുവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
1984 മാർച്ച് 27ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ, ജലസേചന മന്ത്രി എം.പി. ഗംഗാധരൻ, ധനമന്ത്രി കെ.എം. മാണി എന്നിവർ ചേർന്നാണ് ഈരാറ്റുപേട്ടക്ക് സമീപം അടുക്കത്ത് ഇല്ലിക്കുന്നിൽ മീനച്ചിൽ റിവർ വാലി പദ്ധതിക്ക് തറക്കല്ലിട്ടത്. ജില്ലയിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിനും മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുമായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
പദ്ധതിക്കായി അടുക്കത്ത് ഏകദേശം 25 ഏക്കർ സ്ഥലം ഏറ്റെടുത്തതോടൊപ്പം ഓഫിസും ക്വാർട്ടേഴ്സുകളും നിർമിച്ചിരുന്നു. എന്നാൽ പദ്ധതി പിന്നീട് മുന്നോട്ടുപോയില്ല. നിലവിൽ ഇവ കാടുപിടിച്ച് കിടക്കുകയാണെന്നും പാലായിൽ മീനച്ചിൽ റിവർ വാലി ഓഫിസിന്റെ പ്രവർത്തനം തുടരുന്നുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ മാത്രം പ്രളയംമൂലം ഏകദേശം 100 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
അടുക്കത്ത് ഡാം യാഥാർഥ്യമായിരുന്നുവെങ്കിൽ ഈരാറ്റുപേട്ട മുതൽ കോട്ടയം വരെയുള്ള മേഖലകളിലുണ്ടായ പ്രളയത്തിന്റെ തീവ്രതയും കോടിക്കണക്കിന് രൂപയുടെ നഷ്ടവും കുറക്കാനാകുമായിരുന്നുവെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. വിവിധ ഭാഗങ്ങളിൽ നിർമിച്ച ചെക്ക് ഡാമുകളിൽ ചളി അടിഞ്ഞുകൂടിയതോടെ നദിയുടെ ആഴം കുറഞ്ഞതായും ഒഴുക്കിന് തടസ്സമുണ്ടായതായും പ്രദേശവാസികൾ പറയുന്നു. വേനൽക്കാലത്ത് മാലിന്യം നിറയുന്നതിനാൽ ഇവയുടെ പ്രയോജനം പരിമിതമാണെന്നും ചില ഉൾനാടൻ മത്സ്യവിഭാഗങ്ങളുടെ ആവാസവ്യവസ്ഥയെയും ഇത് ബാധിച്ചതായും അവർ ആരോപിക്കുന്നു.
കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച മറ്റ് പല നദീതട പദ്ധതികളും പിന്നീട് യാഥാർഥ്യമായെങ്കിലും മീനച്ചിൽ റിവർ വാലി പദ്ധതി മാത്രം നടപ്പായില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കോട്ടയം ജില്ലയിലെ വേനൽക്കാല ശുദ്ധജലക്ഷാമത്തിനും മഴക്കാല വെള്ളപ്പൊക്കത്തിനും ദീർഘകാല പരിഹാരമായി അടുക്കത്ത് ഡാം നിർമിക്കണമെന്ന ആവശ്യം പ്രളയാനന്തരം വീണ്ടും ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.