എറണാകുളം റോഡിൽ വടകരയിൽ റോഡ് കൽക്കെട്ടോടെ

ഇടിഞ്ഞ് അമ്മംകുന്ന് ദേവരാജന്‍റെ പുരയിടത്തിലെ കിണറിന് സമീപത്ത് പതിച്ചപ്പോൾ

കോട്ടയം വടകരയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു

തലയോലപ്പറമ്പ്: തലയോലപറമ്പ്-എറണാകുളം റോഡിൽ വടകരയിൽ റോഡ് കൽക്കെട്ടോടെ ഇടിഞ്ഞ് മൂന്നു മീറ്റർ താഴത്തെ പുരയിടത്തിലേക്ക് പതിച്ചു. റോഡിന്‍റെ കൽക്കെട്ട് ഇടിഞ്ഞു താഴേക്ക് പതിച്ചതിനോട് ചേർന്ന് വീട്ടിലെ കിണർ സ്ഥിതിചെയ്യുന്നത് അപകടഭീതി പരത്തുന്നു.

വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപം വടകര അമ്മംകുന്ന് ദേവരാജന്‍റെ വീടിന്‍റെ മുൻവശത്താണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. 46 വർഷം മുമ്പ് സിമന്‍റില്ലാതെ പി.ഡബ്ല്യു.ഡി നിർമിച്ച കൽക്കെട്ടാണിത്. കനത്ത മഴയെ തുടർന്ന് വെള്ളമൊഴുകി കൽക്കെട്ടിന്‍റെ ഒരു ഭാഗം നാല് മീറ്റർ താഴ്ചയിലുള്ള വീടിന്‍റെ കിണർ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പതിക്കുകയായിരുന്നു.

കൽക്കെട്ട് തകർന്നതോടെ റോഡ് വിണ്ട് താഴേക്ക് ഇടിയുമെന്ന സ്ഥിതിയിലാണ്. തലയോലപറമ്പ് എസ്.ഐ പി.എസ്. സുധീരന്‍റെ നേതൃത്വത്തിൽ പൊലീസെത്തി അപകട മുന്നറിയിപ്പ് നൽകാൻ കയർകെട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് ഭാഗികമായി വാഹനങ്ങൾ കടത്തിവിട്ടത്.

ഭാരവണ്ടികളടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. മഴ കനത്തുപെയ്യുന്നതിനാൽ ശേഷിച്ച കൽക്കെട്ടും വിണ്ടടർന്ന റോഡും താഴേക്ക് ഇടിയാൻ സാധ്യതയേറെയാണ്. അപകടമൊഴിവാക്കാൻ റോഡിന്‍റെ സംരക്ഷണ ഭിത്തി പുനർനിർമിച്ച് തകർന്ന റോഡ് ഭാഗം പൂർവസ്ഥിതിയിലാക്കി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - കോട്ടയം വടകരയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.