കനത്തമഴയെ തുടർന്ന് വെള്ളം കയറി നശിച്ച കപ്പത്തോട്ട
ത്തിൽ പാട്ടകർഷകരായ സുന്ദരൻ നളന്ദയും അരുൺ ഭവനിൽ രാജപ്പനും
വൈക്കം: വെള്ളപ്പൊക്കത്തെ തുടർന്ന് മറവൻതുരുത്തിൽ കൃഷിനാശം വ്യാപകം. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ ഏത്തവാഴ, കപ്പ, ചേമ്പ്, ചേന, കാച്ചിൽ, പച്ചക്കറി, വെറ്റ തുടങ്ങിയ കൃഷികളാണ് വെള്ളം കയറി മുങ്ങിനശിക്കുന്നത്.
മറവൻതുരുത്ത് മണിയശേരി ക്ഷേത്രത്തിന്‍റെ സമീപത്തും ഇടവട്ടം, ആറ്റുവേലക്കടവ്, വാളംപള്ളി, ചുങ്കം, അപ്പക്കോട്ട്നഗർ തുടങ്ങിയ സ്ഥലങ്ങളിലും നടത്തിയ ഏത്തവാഴ, കപ്പ തുടങ്ങിയ കൃഷികളും വീടുകളിലെ അടുക്കളത്തോട്ടങ്ങളും മുങ്ങിനശിച്ചു. പുരയിടം വെള്ളത്തിൽ മുങ്ങിയതോടെ പകുതി വളർച്ചയെത്തിയ കപ്പയും ഒടിഞ്ഞുവീഴുന്ന വാഴയുമൊക്കെ പറിച്ചുമാറ്റുകയാണ് കർഷകർ.
മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം വർഷങ്ങളായി തരിശായി കാടുപിടിച്ച് കിടന്ന എറണാകുളം സ്വദേശിയുടെ മൂന്നേക്കർ സ്ഥലം ഹിറ്റാച്ചി ഉപയോഗിച്ചും തൊഴിലാളികളുടെ സഹായത്താലും വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി കുലശേഖരമംഗലം കൊച്ചങ്ങാടിയിൽ നളന്ദയിൽ സുന്ദരനും അരുൺഭവനിൽ രാജപ്പനും നടത്തിയ കപ്പ കൃഷി വെള്ളത്തിൽ മുങ്ങി നശിച്ചു.
50,000 രൂപ മുടക്കി 750 ചുവട് കപ്പയാണ് ഇവർ നട്ടത്. കോഴിവളവും ചാണകപ്പൊടിയും രാസവളവുമിട്ട കപ്പ നാലുമാസം വളർച്ചയെത്തിയപ്പോഴാണ് വെള്ളം കയറി നശിച്ചത്. രണ്ട് മാസംകൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരു ചുവടിൽ നിന്ന് 25 മുതൽ 28 കിലോവരെ കപ്പ ലഭിക്കുമായിരുന്നുവെന്ന് സുന്ദരനും രാജപ്പനും പറഞ്ഞു. കൃഷി വെള്ളത്തിൽ മുങ്ങി നശിച്ചതോടെ വലിയ സാമ്പത്തിക ബാധ്യതയിലായി ഈ പാട്ടകർഷകർ. കനത്ത കൃഷി നാശം നേരിട്ട കർഷകർക്ക് സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.