കോട്ടയം: ഇരട്ടപ്പാതയും അനുബന്ധജോലികളും പൂർത്തിയായെങ്കിലും ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. പുലർച്ച 6.37ന് ഏറ്റുമാനൂരിൽ എത്തുന്ന 06444 കൊല്ലം- എറണാകുളം മെമു കടന്നുപോയാൽ രണ്ടുമണിക്കൂറിനുശേഷം 8.37നുള്ള വേണാട് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പതിവായി വൈകിയെത്തുന്ന വേണാടിൽ എറണാകുളമെത്തുമ്പോൾ ഓഫിസ് സമയം കടക്കും. പുലർച്ച ബസ് സർവിസുകൾ ആരംഭിക്കുന്നതിന് മുമ്പേ മെമു ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നതിനാൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും ഈ സമയത്ത് എത്താനാവില്ല. 7.20ന് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന പാലരുവിക്ക് സ്റ്റോപ് അനുവദിച്ചാൽ നിരവധി യാത്രക്കാർക്ക് അനുഗ്രഹമാകും. കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ ഹാൾട്ട് സ്റ്റേഷനിലൊഴികെ ഏറ്റുമാനൂരിൽ മാത്രമാണ് പാലരുവിക്ക് സ്റ്റോപ് ഇല്ലാത്തത്. പുലർച്ച കോട്ടയം സ്റ്റേഷനിൽനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് ജോലി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരിൽ ഏറിയപങ്കും പാലാ, പേട്ട, പൂഞ്ഞാർ, തൊടുപുഴ, കുറുപ്പന്തറ, കുറവിലങ്ങാട്, കൂത്താട്ടുകുളം അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് ഏറ്റുമാനൂർ സ്റ്റേഷൻ കടന്നെത്തുന്നവരാണ്. പുലർച്ച നാലിനുശേഷം തിരുവനന്തപുരം ഭാഗത്തേക്കു നിരവധി ട്രെയിനുകൾ ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഒന്നിനും സ്റ്റോപ്പില്ല. എറണാകുളത്തുനിന്ന് രാവിലെ 8.45ന് പുറപ്പെടുന്ന 16309 മെമു എം.ജി യൂനിവേഴ്സിറ്റി ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാൽ, ഏറ്റുമാനൂരിൽ സ്റ്റോപ് ഇല്ലാത്തതിനാൽ ആർക്കും പ്രയോജനം ലഭിക്കുന്നില്ല. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിൽ മണ്ഡലകാലത്തിന് മുമ്പ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പരിഗണിച്ചാൽ നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടും. ശബരിമല സ്പെഷൽ ട്രെയിനുകൾക്ക് കൂടി ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചാൽ കോട്ടയം ടൗണിലെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി പാലാ, പൊൻകുന്നം എരുമേലി മാർഗമോ മണർകാട്, പാമ്പാടി മുഖേനയോ അയ്യപ്പഭക്തർക്ക് തടസ്സങ്ങളില്ലാതെ സന്നിധാനത്ത് എത്താൻ സാധിക്കും. സംസ്ഥാനത്ത് വേളാങ്കണ്ണി തീർഥാടനം നടത്തുന്നതിൽ നല്ല ശതമാനവും അതിരമ്പുഴ, പാലാ, രാമപുരം, ഭരണങ്ങാനം, മണർകാട്, കുറവിലങ്ങാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. കൊല്ലം ചെങ്കോട്ട വഴി സർവിസ് നടത്തുന്ന 06035/36 എറണാകുളം -വേളാങ്കണ്ണി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചാൽ യാത്രക്കാർക്ക് ഉപകാരപ്രദമാകും.
തടസ്സമെന്തെന്ന് മനസ്സിലാകുന്നില്ല -തോമസ് ചാഴികാടൻ എം.പി
ഏറ്റുമാനൂർ: പാലരുവി ഏറ്റുമാനൂരിൽ നിർത്തുന്നതിന് തടസ്സമെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് തോമസ് ചാഴികാടൻ എം.പി. റെയിൽവേ മാനേജറും ബോർഡും സ്റ്റോപ് അനുവദിക്കാൻ ശിപാർശ ചെയ്തതാണ്. ദിശാബോർഡുകൾ സ്ഥാപിക്കാനും ട്രെയിൻ നിർത്തുന്ന രണ്ട്, മൂന്ന് പ്ലാറ്റ് ഫോമിൽ കുടിവെള്ളം എത്തിക്കാനും നടപടി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സേവ് ഏറ്റുമാനൂർ വെൽഫെയർ ഫോറം സംഘടിപ്പിച്ച സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി.
നഗരസഭ കൗൺസിലർ ഉഷ സുരേഷ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, അജാസ് വടക്കേടം, ബി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും നിവേദനങ്ങളുമായി മുന്നോട്ടു പോകുമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.