കോട്ടയം: ആറുവർഷമായിട്ടും അറവുപുഴ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്താതെ തിരുവാർപ്പ് പഞ്ചായത്ത് അധികൃതർ. മൂന്നുവർഷം കൂടുമ്പോൾ അറ്റകുറ്റപ്പണി നടത്തേണ്ടതാണ്. പാലം അപകടാവസ്ഥയിലാക്കാതെ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ. നേരത്തേ തിരുവാർപ്പ് പഞ്ചായത്തും കോട്ടയം മുനിസിപ്പാലിറ്റിയും തമ്മിൽ പാലത്തിന്റെ അവകാശത്തെച്ചൊല്ലി തർക്കം നിലനിന്നിരുന്നു.
ഇതിന്റെ പേരിൽ അറ്റകുറ്റപ്പണി വൈകി പാലം അപകടത്തിലായതോടെ ലീഗൽ സർവിസസ് അതോറിറ്റി ഇടപെട്ടു. പരിഹാരമായി പാണമ്പടി പാലം മുനിസിപ്പാലിറ്റിയും അറവുപുഴ തൂക്കുപാലം തിരുവാർപ്പ് പഞ്ചായത്തും ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് മൂന്നുലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തി. ആറുവർഷമായിട്ടും തുടർ പണികൾ ഇല്ലാത്തതിനെ തുടർന്നാണ് നാട്ടുകാർ പരാതിയുമായി എത്തിയത്. 10 വർഷം മുമ്പ് താഴത്തങ്ങാടി ബസപകടത്തെ തുടർന്ന് കുമ്മനം-താഴത്തങ്ങാടി ഭാഗത്തെ അപകടകരമായ വള്ളയാത്ര ഒഴിവാക്കാനാണ് തൂക്കുപാലം നിർമിച്ചത്.
കെൽ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. മൂന്നുവർഷം കൂടുമ്പോൾ റോപ് മുറുക്കുകയും പെയിന്റിങ്ങും അടക്കം ചെയ്താലേ പാലം കേടുപാടില്ലാതെ നിലനിൽക്കൂ എന്നാണ് കമ്പനി നിർദേശിച്ചിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച പാലം അപകടത്തിൽപെട്ടാൽ മറ്റൊന്ന് നിർമിക്കുക എളുപ്പമല്ല. മാത്രമല്ല വിദ്യാർഥികൾ അടക്കം നൂറുകണക്കിനുപേർ ദിനംപ്രതി യാത്ര ചെയ്യുന്ന പാലം അപകടത്തിൽപെട്ടാൽ വലിയ ദുരന്തം സംഭവിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.