എരുമേലി: ഗ്രാമപഞ്ചായത്തിലെ വനാതിർത്തി മേഖലയായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളെ പെരിയാർ കടുവ സങ്കേതത്തിൽനിന്ന് ഒഴിവാക്കുമ്പോൾ വനം വകുപ്പിന് ഭരണാധിപത്യമുള്ളതും വനനിയമത്തിന് തുല്യമായതുമായ പരിസ്ഥിതിലോല മേഖലയാക്കാൻ നീക്കം നടത്തുന്നുവെന്ന് ആരോപണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം രണ്ട് വാർഡുകൾ ഉൾപ്പെട്ട മേഖലകളെ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള ആക്ഷൻ പ്ലാനും മാസ്റ്റർ പ്ലാനും തയാറാക്കാൻ വനം വകുപ്പ് നടപടി തുടങ്ങിയെന്ന് ഗ്രാമപഞ്ചായത്ത് അംഗവും ബഫർ സോൺ വിരുദ്ധ സമര സമിതി രക്ഷാധികാരിയുമായ മാത്യു ജോസഫ്, പ്രിൻസ് ജേക്കബ്, ഷൈൻ അരിപ്പറമ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കടുത്ത നിയന്ത്രണമുള്ള പരിസ്ഥിതി ലോല മേഖലയാക്കുന്നതോടെ നിർമാണ നിരോധനവും രാത്രിയാത്ര നിരോധനവുമടക്കം നിയന്ത്രണം ഉണ്ടാകും. ജനകീയ സമരങ്ങളെ തുടർന്നാണ് പമ്പാവാലിയെ പെരിയാർ കടുവാ സങ്കേത പരിധിയിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന വൈൽഡ് ലൈഫുകൾ തീരുമാനിച്ചത്. നാഷനൽ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ ഇത്തരത്തിൽ പരിസ്ഥിതിലോല മേഖലയാക്കിയ സ്ഥലത്ത് കടുത്ത നിയന്ത്രണങ്ങളാണ്. പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചാൽ നിയന്ത്രണം പൂർണമായും വനം വകുപ്പ് ഉദ്യോഗസ്ഥർക്കാകും. വനംവകുപ്പിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ചേ കൃഷിയും നിർമാണ പ്രവർത്തനങ്ങളും നടത്താൻ കഴിയൂ. കർഷകരെ വനം വകുപ്പ് മനഃപൂർവം കെണിയിൽപ്പെടുത്തുകയാണെന്നും ഇതിനെതിരെ കോടതിയെ സമീപിച്ചതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.