പാലാ: നിർത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുവീഴ്ത്തി നിർത്താതെപോയ കാർ ഉടമക്കും ഇയാൾ ഹാജരാക്കിയ വ്യാജ ഡ്രൈവർക്കും എതിരെ പൊലീസ് കേസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11ഓടെ പാലാ രാമപുരം റോഡിൽ സിവിൽസ്റ്റേഷൻ ജങ്ഷന് സമീപത്തെ പലചരക്ക് കടയുടെ മുന്നിലാണ് സംഭവം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കാർ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇതോടെ കാറുടമ മുണ്ടുപാലം ആനിത്തോട്ടത്തിൽ ജോർജുകുട്ടി കാർ ഓടിച്ചിരുന്ന ഡ്രൈവർ എന്ന വ്യാജേന ഭരണങ്ങാനം സ്വദേശി മനു(35)വിനെ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. മനുവിനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാളുടെ ലൊക്കേഷൻ അപകടസമയത്ത് മറ്റൊരിടത്ത് ആണെന്നും പൊലീസ് കണ്ടെത്തി.
അപകടസമയം കാർ ഓടിച്ചത് ജോർജുകുട്ടി ആയിരുന്നുവെന്ന് ചിലർ മൊഴി നൽകിയതോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇത് സ്ഥിരീകരിച്ചു. ഡ്രൈവർക്കെതിരെ അന്വേഷണത്തെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിച്ചതിന് കെ.പി.എ 117 ഡി വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
അപകടം സൃഷ്ടിച്ച് വാഹനം നിർത്താതെ പോയതിനും വ്യാജപ്രതിയെ ഹാജരാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്ന് വഴിതെറ്റിക്കാനും ശ്രമിച്ചതിന് ജോർജുകുട്ടിക്കെതിരെ ഗൂഢാലോചന ഉൾപ്പെടെ രണ്ട് കേസുകളും എടുത്തിട്ടുണ്ട്.
അപകടത്തിൽപെട്ട ഓട്ടോയിൽനിന്ന് തെറിച്ചുവീണ് ഗുരുതരപരിക്കുകളോടെ മുണ്ടുപാലം പുത്തേട്ട്കുന്നേൽ റോസമ്മ ഉലഹന്നാനെയാണ് (68) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ ഇവർ അപകടനില തരണം ചെയ്തിട്ടില്ല. പാലായിൽ മത്സ്യവ്യാപാര സ്ഥാപനം നടത്തുന്ന ഉലഹന്നാനും ഭാര്യയും കടയടച്ച് ഓട്ടോയിൽ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം.
സാധനങ്ങൾ വാങ്ങാൻ പലചരക്ക് കടയുടെ മുന്നിൽ നിർത്തിയതായിരുന്നു. റോസമ്മ ഓട്ടോയിൽതന്നെ ഇരുന്നു. ഈ സമയം ഇതുവഴി വന്ന കാർ റോഡരികിൽ നിർത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുമറിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. ഓട്ടോയിൽനിന്ന് തലയടിച്ച് റോഡിൽവീണ വയോധികയുടെ ദേഹത്തേക്ക് ഓട്ടോ മറിഞ്ഞുവീണു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.