വാഴൂർ: ജലവിഭവ വകുപ്പിന് കീഴിലുള്ള വാഴൂർ ഇളമ്പള്ളി കവലയിലെ പമ്പ്ഹൗസ് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ. ചോർന്നൊലിക്കുന്ന പമ്പ് ഹൗസിൽ മഴക്കാലത്ത് ഒരുതുള്ളി വെള്ളം പോലും വെളിയിൽ പോകില്ല. മഴക്കാലമായതോടെ മഴവെള്ളം പരമാവധി അകത്തു വീഴാതിരിക്കാൻ കെട്ടിടത്തിന്റെ മേൽക്കൂര ടാർപോളീൻ കൊണ്ട് മൂടിയിരിക്കുകയാണ്. കെട്ടിടം ഇടിഞ്ഞുവീഴുമോ എന്ന ഭയത്താൽ പമ്പ് ഓപറേറ്റർ മോട്ടോർ ഓണാക്കിയ ശേഷം കെട്ടിടത്തിനു വെളിയിൽ ഇറങ്ങി നിൽക്കുകയാണ് പതിവ്.
അധികാരികളുടെ അനാസ്ഥയുടെ ബാക്കിപത്രമാണ് നിലംപൊത്താറായ ഈ പമ്പ് ഹൗസ്. ജലവിതരണ വകുപ്പിന്റെ നെടുംകുന്നം സെക്ഷന് കീഴിലാണ് 17ാം മൈൽ ഇളമ്പള്ളി തോടിന് സമീപത്തെ പമ്പിങ് സംവിധാനം. ഇവിടെ നിന്നാണ് വാഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.
അകത്ത് ജീവനക്കാരുള്ള സമയത്ത് കെട്ടിടം നിലംപൊത്തിയാൽ വലിയ അപകടം സംഭവിക്കും. പമ്പ് ഹൗസ് തകർന്നു വീണാൽ പമ്പിങ് മോട്ടോവറും സംവിധാനങ്ങളും തകരും. കുടിവെള്ള വിതരണവും നിലക്കും. ജൽ ജീവൻ പദ്ധതി നടന്നു വരുന്നതുകൊണ്ടാണ് അധികൃതർ പമ്പ് ഹൗസിന്റെ ശോച്യവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാത്തതെന്നാണ് സംസാരം. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തും കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനും എത്രയും വേഗം പമ്പ് ഹൗസിന് പുതിയ കെട്ടിടം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.