ആർപ്പൂക്കര: കന്യാസ്ത്രീകൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നു കന്യാസ്ത്രീകൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വില്ലൂന്നിയിലെ സെന്റ് ഫിലോമിന സ്കൂളിന്റെ ശുചിമുറിയുടെ മുകളിലേക്കാണ് ഇവർ സഞ്ചരിച്ച ടാറ്റ സുമോ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളായ ലൈസ്റ്റേറ്റിയ (49), സിസ്റ്റർ സാനുപ്രിയാമ്മ (35), സിസ്റ്റർ ജോയൽസ് (65) എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ സിസ്റ്റർ ജോയൽസിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. സ്കൂളിൽനിന്ന് പുറപ്പെട്ട വാഹനം സ്കൂൾ കെട്ടിടത്തിന്റെ ശുചി മുറിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ആദ്യം വാഹനം താഴെ വീഴാതിരിക്കാൻ കയർ െകട്ടി മരത്തിൽ ബന്ധിച്ചു.
തുടർന്ന് വാഹനത്തിന് മുകളിൽ കയറി ഗ്യാസ് കട്ടർ ഉപയോഗിച്ച് ഡോർ മുറിച്ചുമാറ്റി. ആദ്യം മുന്നിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. പിറകിലുണ്ടായിരുന്ന 65കാരിയായ കന്യാസ്ത്രീ ബോധരഹിതയായിരുന്നു. ഇവരുടെ കൈക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. ഇവരെ ജീപ്പിനുള്ളിൽ ഇറങ്ങി പുറത്തെടുക്കേണ്ടി വന്നു. പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്, ക്രെയിൻ കൊണ്ടുവന്ന് ജീപ്പ് ഉയർത്തിയെടുക്കുകയായിരുന്നു.സ്റ്റേഷൻ ഓഫിസർ വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ശിവകുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സന്തോഷ്, ഫയർ റെസ്ക്യൂ ഒാഫിസർമാരായ ഷജീം, ഷിജി, അഹമ്മദ് ഷാഫി അബ്ബാസി, നിജിൽ കുമാർ, സജീഷ് കുമാർ, അനിൽകുമാർ, ഡ്രൈവർ അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.