പാലാ: സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ നാടിന് നഷ്ടമായത് 131 കോടി രൂപയുടെ തടയണ പദ്ധതി. മൂന്നിലവ് പഞ്ചായത്തിലെ പഴുക്കക്കാനം കട്ടിക്കയത്ത് മീനച്ചിലാറിന് കുറുകെ തടയണ നിര്‍മിച്ച് കനാല്‍ വഴി വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭരണാനുമതിയാണ് ഇല്ലാതായത്.
മീനച്ചിലാറിനെ വേനല്‍ക്കാലത്തും നീരൊഴുക്കോടെ സംരക്ഷിക്കുന്നതാണ് പദ്ധതി. കെ.എം. മാണി ധന മന്ത്രിയായിരുന്നപ്പോഴാണ് ഭരണാനുമതി നല്‍കിയത്. എസ്റ്റിമേറ്റ് പുതുക്കി പുതിയ ഭരണാനുമതി ലഭിച്ചാലേ തുടർ നടപടി സാധ്യമാവൂ. 2013ലാണ് ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിക്ക് എസ്റ്റിമേറ്റ് അംഗീകരിച്ച് സര്‍ക്കാറിന് നല്‍കിയത്. 1000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും പദ്ധതി വഴി സാധിക്കും. വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍കല്ലിലേക്കുള്ള പ്രധാന പാതക്കു സമീപമാണ് ഡാം നിര്‍മിക്കാന്‍ അംഗീകാരം ലഭിച്ചത്. ശക്തമായ വേനല്‍മഴ ലഭിക്കുന്ന ഈ മേഖലയില്‍ വേനലിലും വെള്ളം ശേഖരിക്കാന്‍ കഴിയും. പദ്ധതി നടപ്പാക്കുന്ന പ്രദേശം റവന്യൂ ഭൂമിയാണ്.
ഇത് ചില സ്വകാര്യ വ്യക്തികളുടെ കൈവശത്തിലാണ്. അഞ്ചു പേരുടെ ഭൂമി വിലകൊടുത്തു വാങ്ങാനും ലക്ഷ്യമിട്ടിരുന്നു. തുടക്കത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. പദ്ധതി നടപ്പാക്കിയാൽ മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമാകും. കിഴക്കൻ മലയോര മേഖലകളായ വാഗമൺ, മേലുകാവ്, അടുക്കം, പഴുക്കാക്കാനം പ്രദേശങ്ങളിലെ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ് അടിക്കടി മീനച്ചിലാറ്റിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. ഇവിടെ ഡാം വരുന്നതോടെ മലവെള്ളപ്പാച്ചിൽ തടഞ്ഞുനിർത്താനാവും. ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.