വന്യജീവി ആക്രമണം തടയാൻ 605 കോടിയുടെ പദ്ധതി

തൊടുപുഴ: സംസ്ഥാനത്ത്​ വർധിച്ചുവരുന്ന വന്യജീവി ആ​ക്രമണം തടയാനും ആക്രമണത്തിൽ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നവർക്ക്​ നഷ്ടപരിഹാരം നൽകാനും 605 കോടിയുടെ സമഗ്ര പദ്ധതിയുമായി വനം വകുപ്പ്​. പദ്ധതി കേന്ദ്രസർക്കാറിന്‍റെ അംഗീകാരത്തിന്​ സമർപ്പിച്ചിരിക്കുകയാണ്​. മൂന്ന്​ വർഷംകൊണ്ട്​ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളാണ്​ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്​. വന്യജീവി ആക്രമണത്തിൽ ജീവഹാനിയും വിളനാശവും വ്യാപകമായ പശ്ചാത്തലത്തിലാണ്​ സമഗ്ര കർമപദ്ധതി തയാറാക്കിയത്​. പദ്ധതിക്ക്​ കേന്ദ്രം അനുമതി നൽകിയാൽ വന്യജീവികളും മനുഷ്യനും തമ്മിലെ സംഘർഷവുമായി ബന്ധപ്പെട്ട്​ നിലവിലുള്ള പ്രശ്നങ്ങൾ ഏറക്കുറെ പൂർണമായി പരിഹരിക്കാനാകുമെന്നാണ്​ വനം വകുപ്പിന്‍റെ പ്രതീക്ഷ​. വരുന്ന മൂന്ന്​ വർഷം വന്യജീവികൾമൂലം മനുഷ്യർ നേരിടാനിടയുള്ള പ്രശ്നങ്ങളെല്ലാം കണക്കിലെടുത്താണ്​ പദ്ധതി തയാറാക്കിയതെന്ന്​ പ്രിൻസിപ്പൽ ചീഫ്​ ഫോറസ്റ്റ്​ കൺസർവേറ്റർ (ആസൂത്രണവും വികസനവും) ഡി. ജയപ്രസാദ്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. വനാതിർത്തി മേഖലകളിൽ എത്ര കിടങ്ങുകളും സൗരോർജ വേലികളും സ്ഥാപിക്കണം, ആക്രമണ സാധ്യത എന്തുമാത്രം, കൃഷിനാശത്തിനും ജീവഹാനിക്കും ​എത്ര തുക നഷ്ടപരിഹാരമായി നൽകേണ്ടിവരും തുടങ്ങിയ കാര്യങ്ങളെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇതുകൂടാതെ വന്യജീവി ആക്രമണം ചെറുക്കാൻ സംസ്ഥാന സർക്കാറിനോടും 10 കോടി ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിൽ ഒരു കോടി കഴിഞ്ഞ ദിവസം അനുവദിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകൾക്കാകും ഈ തുക വിനിയോഗിക്കുക. സംസ്ഥാനത്ത്​ കഴിഞ്ഞവർഷം എഴുപതോളം പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ്​ കണക്ക്​. ഇതിൽ 25 മരണവും കാട്ടാന ആക്രമണത്തിലാണ്​. 15 വർഷത്തിനിടെ 1320 പേർ വന്യജീവി ആക്രമണത്തിൽ മരിക്കുകയും 4400 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞവർഷം മാത്രം 10,100 നഷ്ടപരിഹാര അപേക്ഷകൾ സർക്കാറിന്​ ലഭിച്ചിട്ടുണ്ട്​. അഞ്ചു​ വർഷത്തിനിടെ കേരളത്തിൽ 107 പേർ കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടതായും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പി.പി. കബീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.