സ്പെഷൽ ഡ്രൈവ്: 48 കേസെടുത്തു

കോട്ടയം: റോഡപകടങ്ങൾ കുറക്കുക, ലഹരി ഉൽപന്നങ്ങളുടെ വിൽപന തടയുക എന്നിവ ലക്ഷ്യമിട്ട്​ ജില്ല പൊലീസ്​ നടത്തിയ സ്പെഷൽ ഡ്രൈവിൽ 48 കേസ്​ രജിസ്റ്റർ ചെയ്തു. ജില്ലയില്‍ 3638 വാഹനങ്ങൾ പരിശോധിച്ചതില്‍ മദ്യപിച്ച് വാഹനമോടിച്ച 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അബ്കാരി നിയമപ്രകാരം 123 സ്ഥലത്ത്​ നടത്തിയ പരിശോധനയില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചവര്‍ക്കെതിരെ 18 കേസും രജിസ്റ്റര്‍ ചെയ്തു. -------- കോട്ടയം നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം കോട്ടയം: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാംവാര്‍ഷികാഘോഷത്തിന്‍റെ ജില്ലതല ഉദ്​ഘാടനത്തിനോടനുബന്ധിച്ച് വ്യാഴാഴ്ച കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം. രാവിലെ ഒമ്പത്​ മുതലാണ്​ നിയന്ത്രണമെന്ന്​ പൊലീസ്​ അറിയിച്ചു. നിയന്ത്രണങ്ങൾ ഇങ്ങനെ: . ചിങ്ങവനം ഭാഗത്തുനിന്നും എം.സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്‍റ്​ കവല ജങ്​ഷനില്‍നിന്ന്​ ഇടതുതിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജങ്​ഷനില്‍ എത്തണം. ഇവിടെനിന്ന്​ കുമരകം ഭാഗത്തേക്ക്​ പോകേണ്ട വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ്​ ടൗണിലേക്കും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക്​ പോകേണ്ട വാഹനങ്ങള്‍ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജങ്​ഷനിലെത്തി യാത്ര തുടരണം. ടൗണിലേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ മാത്രം ചാലുകുന്ന് ജങ്​ഷനില്‍നിന്ന്​ ബേക്കര്‍ ജങ്ഷ​ന്‍ വഴി നാഗമ്പടത്തേക്ക് പോകണം. ചിങ്ങവനം ഭാഗത്തുനിന്ന്​ വരുന്ന കെ.എസ്​.ആർ.ടി.സി ബസുകള്‍ ഐഡ ജങ്​ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് ടി.ബി റോഡ് വഴി സ്റ്റാന്‍ഡിലേക്ക് എത്തണം. ചിങ്ങവനം ഭാഗത്തുനിന്ന്​ എം.സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജങ്​ഷനില്‍നിന്ന്​ വലത്തോട്ടുതിരിഞ്ഞ് ബൈപാസ് റോഡുവഴി ഈരയില്‍ക്കടവ് വഴി പോകണം. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജങ്​ഷനില്‍നിന്ന്​ വലത്തോട്ടുതിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം. കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക്​ പോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകള്‍ കലക്​ടറേറ്റ്​, ലോഗോസ്, റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തി പോകണം. തിരുവാര്‍പ്പ് ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങള്‍ തിരുവാതുക്കല്‍- പുത്തനങ്ങാടി വഴിയും കുമരകം ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങള്‍ ഇല്ലിക്കല്‍ വഴിയും അറുത്തൂട്ടി ജങ്​ഷനിലെത്തി ബേക്കര്‍ ജങ്​ഷന്‍ വഴി സിയേഴ്സ് ജങ്​ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് നാഗമ്പടം ബസ്​ സ്റ്റാന്‍ഡിലേക്ക് പോകണം. നാഗമ്പടം സ്റ്റാൻഡില്‍നിന്ന്​ കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ബേക്കര്‍ ജങ്​ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്ക്​ പോകണം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന്​ ഏറ്റുമാനൂര്‍/ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ടൗണില്‍ പോകാതെ സിയേഴ്സ് ജങ്​ഷനില്‍നിന്ന്​ വലത്തോട്ടുതിരി‍ഞ്ഞ് പോകണം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന്​ കിഴക്കോട്ട് പോകേണ്ട സ്വകാര്യ​ ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍ - ലോഗോസ് ജങ്​ഷനിലെത്തിയശേഷം പതിവു പോലെ പൊലീസ് ക്ലബ് വഴി പോകണം. കെ.എസ്​.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന്​ ഏറ്റുമാനൂര്‍, കുമരകം, ചേര്‍ത്തല തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സ്റ്റാര്‍ ജങ്​ഷന്‍ വഴി പുളിമൂട് ജങ്​ഷനിലെത്തി ഇടതുതിരിഞ്ഞ് കാരാപ്പുഴ-തിരുവാതുക്കല്‍- അറുത്തൂട്ടി ജംഗ്ഷനിലെത്തി പോകണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന്​ വരുന്ന കെ.എസ്​.ആർ.ടി.സി ബസുകള്‍ ഗാന്ധിനഗറില്‍നിന്ന്​ തിരിഞ്ഞ് മെഡിക്കല്‍ കോളജ്- കുടയംപടി-ചാലുകുന്ന്​ - അറുത്തൂട്ടി-തിരുവാതുക്കല്‍ - കാരാപ്പുഴ- പുളിമൂട്​ ജങ്​ഷൻ വഴി സ്​റ്റാന്‍ഡിലേക്ക്​ എത്തണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന്​ വരുന്ന ചെറു വാഹനങ്ങള്‍ വട്ടമൂടുവഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന്​ വരുന്ന സ്വകാര്യ ബസുകള്‍ പതിവുപോലെ നാഗമ്പടം സ്റ്റാന്‍ഡിലെത്തി സര്‍വിസ് അവസാനിപ്പിക്കണമെന്നും പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.