ലോകത്ത്​ സന്ദർശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്​മനം; അഭിമാനനേട്ടം

കോട്ടയം: ലോകത്ത്​ ഈ വർഷം സന്ദർശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച്​ അയ്​മനം. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേനാസ്റ്റ് ട്രാവലർ തയാറാക്കിയ പട്ടികയിലാണ് അയ്​മനം ഇടം നേടിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്​മനം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികളിലൂടെയാണ് അയ്​മനം രാജ്യാന്തരതലത്തിൽ ഇടം നേടിയത്. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സോൾ, ഇസ്തംബൂൾ, ഉസ്‌ബകിസ്​താൻ, സെർബിയ, ഓക്​ലഹോമ (യു.എസ്.എ) എന്നിവക്കൊപ്പമാണ് അയ്​മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽനിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡിഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്. അയ്​മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എ.കെ. ആലിച്ചൻ ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ കൺവീനറും ജില്ല കോഓഡിനേറ്റർ ഭഗത്​സിങ്​ ജോയന്‍റ്​ കൺവീനറുമായ കമ്മിറ്റിയാണ് ആദ്യഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പദ്ധതിയുടെ മൂന്നാംഘട്ടമാണിപ്പോൾ പഞ്ചായത്തിൽ നടന്നുവരുന്നത്. അയ്​മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ സബിത പ്രേംജി ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ്‌കുമാർ കൺവീനറുമായ സമിതിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുകയെന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്​മനം പ്രാവർത്തികമാക്കിയത്. കോവിഡാനന്തര ടൂറിസത്തിൽ കുതിച്ചുചാട്ടമാകാവുന്ന നേട്ടം കേരളത്തിന് സമ്മാനിച്ച അയ്​മനം ഗ്രാമപഞ്ചായത്തിനെയും ഉത്തരവാദിത്ത ടൂറിസം മിഷനെയും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. നേരത്തേ അയ്​മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ​പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്‌കാരം ലഭിച്ചിരുന്നു. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്​കരണമെന്ന വിഭാഗത്തിലായിരുന്നു (നോ ഫുട് പ്രിന്‍റ്​സ്​ ഗോൾഡ് അവാർഡ്) പുരസ്‌കാരം ലഭിച്ചത്. പടം KTG AYMANAM അയ്​മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തിലെത്തിയ വിനോദസഞ്ചാരി പാരമ്പര്യ മത്സ്യബന്ധന രീതികൾ പരിചയപ്പെടുന്നു(ഫയൽചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.