തിരുവാര്‍പ്പിൽ 25 ലോഡിലേറെ നെല്ല് പാടത്ത്

കോട്ടയം: മഴ കനക്കുമ്പോഴും തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്കില്‍ 25 ലോഡിലേറെ നെല്ല് പാടത്ത്. രണ്ടാഴ്ച മുമ്പ് കൊയ്‌തെടുത്ത നെല്ലാണ് മില്ലുകാർ കൂടുതൽ കിഴിവ്​ ചോദിച്ചതിനാൽ കൂനകളായി പാടത്തുകിടക്കുന്നത്. 1800 ഏക്കറില്‍ നാല്‍പതിലേറെ കര്‍ഷകര്‍ ചേര്‍ന്നാണു കൃഷിയിറക്കിയിരുന്നത്. ഒരുമാസം മുമ്പ് പാടത്ത്​ കൊയ്ത്ത്​ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ സംഭരണം നടന്നെങ്കിലും പിന്നീട്​ മില്ലുകാരുടെ ഏജന്‍റുമാർ കൂടുതൽ കിഴിവ്​ ആവശ്യപ്പെട്ടു. കർഷകർ സമ്മതിച്ചില്ല. എന്നാൽ, മഴ തുടങ്ങിയതോടെ ഗതികേടുകൊണ്ട്​ കർഷകർ വഴങ്ങിയെങ്കിലും സംഭരണം ഇഴയുകയാണ്​. മഴയിൽ നനഞ്ഞ നെല്ല്​ കിളിർത്താൽ കർഷകർക്ക്​ കൂടുതൽ നഷ്ടം സംഭവിക്കും. പാടത്ത്​ കൂട്ടിയിട്ട നെല്ല്​ ഉടൻ സംഭരിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. നെല്ല്​ കയറ്റുന്ന യൂനിയനും മെല്ലെപ്പോക്ക്​ തുടരുകയാ​ണെന്നും കർഷകർ പറയുന്നു. മഴയുടെ സാഹചര്യം കണക്കിലെടുത്ത്​ പഞ്ചായത്തിലെ തന്നെ മറ്റു സ്ഥലങ്ങളില്‍നിന്ന്​ കൂടുതല്‍ തൊഴിലാളികളെ എത്തിച്ച്​ വേഗം നെല്ല്​ സംഭരിച്ചുമാറ്റണമെന്ന്​​ കർഷകർ ആവശ്യപ്പെടുന്നു. നിലവിൽ ദിവസം ആറോ ഏഴോ ലോഡ് നെല്ല് മാത്രമാണ് കയറ്റി അയക്കുന്നത്​. വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഇടപെട്ടിട്ടും തീരുമാനമുണ്ടായിട്ടില്ല. കര്‍ഷകര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ പലതവണ വിഷയം ധരിപ്പിച്ചിരുന്നു. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. KTL THIRUVARPPU - തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്കില്‍ നെല്ല് പാടത്ത് കൂട്ടിയിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.