കോട്ടയം: ജില്ല ജനറല്‍ ആശുപത്രി മിനി മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ 219.90 കോടി രൂപ ചെലവില്‍ ആശുപത്രിക്ക് ബഹുനില കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന കിഫ്ബി കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. 10 നിലയിലുള്ള കെട്ടിടം നിർമിക്കുന്നതിന് നടപടി പുരോഗമിക്കുകയാണ്. 288 വാര്‍ഡ്, 63 ഐ.സി.യു, 34 ഐസൊലേഷന്‍ /പേവാര്‍ഡുകള്‍, ആറ് എന്‍.ഐ.സി.യു ഉള്‍പ്പെടെ 391 കിടക്കയും 10 ഓപറേഷന്‍ തിയറ്ററും സി.ടി, എം.ആര്‍.ഐ, എക്‌സ്‌റേ, മാമ്മോഗ്രാഫി സൗകര്യങ്ങളും ബ്ലഡ് ബാങ്ക്, ട്രോമാ കാഷ്വൽറ്റി, ബേണ്‍സ് യൂനിറ്റ്, ഫാര്‍മസി, മോര്‍ച്ചറി തുടങ്ങിയ സംവിധാനങ്ങൾ 2,86,850 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ ഉണ്ടാകും. രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തിൽ 391 കിടക്ക സൗകര്യവും അനുബന്ധ സജ്ജീകരണങ്ങളും ആശുപത്രി കോമ്പൗണ്ടിലെ റോഡ് വികസനവും 160 കെ.എല്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയുടെയും 3.5 കോടിയുടെ സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാൻറ് നിർമാണവും പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിൽ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, 222 കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാൻ യന്ത്രവത്കൃത പാര്‍ക്കിങ് സൗകര്യം, ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതകള്‍, ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയവ സജ്ജമാക്കും. ബഹുനില കെട്ടിട നിർമാണത്തിനുള്ള സ്ഥലപരിമിതി പരിഹരിക്കാൻ നിലവിലെ 7, 8,10,11,12 വാര്‍ഡുകള്‍, ഓഫിസ് അനക്‌സ്, ഫാമിലി പ്ലാനിങ് കെട്ടിടം, വാട്ടര്‍ ടാങ്ക്, ഭൂമിക, എന്‍.പി.പി.സി.ഡി കെട്ടിടം, ജില്ല മാനസികാരോഗ്യ പരിപാടി കെട്ടിടം, മോര്‍ച്ചറി, പ്രിസണ്‍ സെല്‍, പവര്‍ ലോണ്‍ട്രി, കെ.എം.എസ്.സി.എല്‍ കെട്ടിടം എന്നിവ പൊളിച്ചുമാറ്റും. കോമ്പൗണ്ടിലെ 37 മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. കിഫ്ബി നോഡല്‍ ഓഫിസര്‍ ഡോ. എ.ആര്‍. ഭാഗ്യശ്രീ റിപ്പോര്‍ട്ടും നിർമാണ ഏജൻസി (ഇന്‍കെല്‍ ലിമിറ്റഡ്) ചീഫ് എൻജിനീയര്‍ വിനോദ്കുമാര്‍ രൂപരേഖയും അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ജെസി ഷാജന്‍, അംഗങ്ങളായ ഹൈമി ബോബി, പി.ആര്‍. അനുപമ, ശുഭേഷ് സുധാകര്‍, കെ.വി. ബിന്ദു, പി.എം. മാത്യു, ഹേമലത പ്രേംസാഗര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.പ്രിയ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.