ബി.എസ്​.എൻ.എല്ലിൽ നിർബന്ധിത സ്ഥലം മാറ്റം: കോട്ടയത്തെ പട്ടികയിൽ​ 11 പേർ​

കോട്ടയം: ബി.എസ്​.എൻ.എല്ലിൽ 50 വയസ്സ്​ കഴിഞ്ഞ സബ്​ ഡിവിഷനൽ എൻജിനീയർ, ഡിവിഷനൽ എൻജിനീയർമാർ എന്നിവർ​ക്ക്​ (അസി. ജനറൽ മാനേജർ) നിർബന്ധിത സ്ഥലം മാറ്റം. റൊട്ടേഷനൽ ​ട്രാൻസ്ഫർ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ്​ 26 വർഷവും അതിലധികവും കേരളത്തിൽ ജോലിചെയ്തവരെ സ്ഥലം മാറ്റുന്നത്​. ഇതിനു മുന്നോടിയായി 26 വർഷത്തിലേറെ സർവിസുള്ളവ​രുടെ പട്ടിക പ്രസിദ്ധീകരിച്ചു. 52-53 വയസ്സുള്ളവരാണ്​ ഇവരിലധികവും. കോട്ടയം ഡിവിഷനിൽ അഞ്ച്​ ഡിവിഷനൽ എൻജിനീയർമാരും ആറ്​ സബ്​ ഡിവിഷനൽ എൻജിനീയർമാരുമടക്കം​ 11 പേരാണ്​ പട്ടികയിൽപെട്ടത്​. ഇവരിൽ ആറുപേർ സ്ത്രീകളാണ്​​. ആദ്യമായാണ്​ ബി.എസ്​.എൻ.എല്ലിൽ റൊട്ടേഷനൽ സംവിധാനം നടപ്പാക്കുന്നത്​. ജീവനക്കാരുടെ കുറവ്​ നികത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു നേരത്തേ മറ്റു​ സർക്കിളുകളിലേക്ക്​ സ്ഥലം മാറ്റിയിരുന്നത്​.​ രണ്ടുവർഷം കഴിഞ്ഞാൽ തിരിച്ചുമടങ്ങാനും അവസരമുണ്ടായിരുന്നു. ബി.എസ്​.എൻ.എൽ അഖിലേന്ത്യ സർവിസ്​ ആണെന്നും സർക്കിളുകളിലെ സ്ഥലംമാറ്റം സേവന കാര്യക്ഷമത വർധിപ്പിക്കും എന്നുമാണ്​ റൊട്ടേഷനൽ സംവിധാനം നടപ്പാക്കുന്നതിന്​ ബി.എസ്​.എൻ.എല്ലിന്‍റെ വിശദീകരണം​. മൂന്ന്​ ഓപ്​ഷനാണ്​ സ്ഥലംമാറ്റത്തിനു പോർട്ടലിൽ നൽകിയിരുന്നത്​. ബി.എസ്​.എൻ.എല്ലിൽ ഓരോ സംസ്ഥാനവും ഓരോ സർക്കിളുകളാണ്​. തമിഴ്​നാട്​, കൊൽക്കത്ത എന്നിവിടങ്ങളിൽ മാത്രമാണ്​ രണ്ടു സർക്കിളുകളുള്ളത്​​. 2020ൽ 78,000 പേർക്ക്​ കൂട്ട വി.ആർ.എസ്​ നൽകിയതോടെ ജീവനക്കാരുടെ കുറവ്​ അനുഭവപ്പെടുന്ന സർക്കിളാണ്​ കേരളം. നിലവിൽ 425 ഡിവിഷനൽ എൻജിനീയർമാർ വേണ്ടിടത്ത്​ ഉള്ളത്​ 107 പേരാണ്​. റൊട്ടേഷനൽ സംവിധാനത്തിനെതിരെ സഞ്ചാർ നിഗം എക്സിക്യൂട്ടിവ്​സ്​ അസോസിയേഷൻ കേരള രംഗത്തുണ്ട്​. ​2020ൽ 50 വയസ്സ്​​ മാനദണ്ഡമാക്കി നടപ്പാക്കിയ വി.ആർ.എസിൽ ഉൾപ്പെടാത്തവരാണ്​ സ്ഥലംമാറ്റപ്പട്ടികയിലുള്ളത്​​. വിരമിക്കാറായ ഇവരെ കേരളത്തിനു പുറ​ത്തേക്ക്​ മാറ്റുന്നത്​ സർവിസിൽനിന്ന്​ ഒഴിവാകാൻ പ്രേരിപ്പിക്കുമെന്നും ഇത്​ ജീവനക്കാർ വീണ്ടും കുറയാനിടയാക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ചെലവില്ലാതെ ജീവനക്കാരെ ഒഴിവാക്കുന്നതിന്‍റെ ഭാഗമാണിത്​. ബി.എസ്​.എൻ.എൽ വലിയ നഷ്​ടമില്ലാതെ പ്രവർത്തിക്കുന്നത്​ കേരളത്തിലാണ്​. ജീവനക്കാരുടെ കുറവ്​ നികത്താൻ സ്ഥലംമാറ്റം ആവാം. എന്നാൽ, റൊട്ടേഷനൽ സംവിധാനം അംഗീകരിക്കാനാകില്ലെന്നാണ്​ അസോസിയേഷൻ നിലപാട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.