ഗുരുമന്ദിരങ്ങളിലും ചാപ്പലിലും മോഷണം; അന്വേഷണം തുടങ്ങി

കോട്ടയം: പരിപ്പിൽ ഗുരുമന്ദിരങ്ങളിലും ദേവാലയ ചാപ്പലിലും നടന്ന മോഷണങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ച പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും സെന്‍റ്​ മേരീസ് ചാപ്പൽ, പരിപ്പ് കള്ളുഷാപ്പ് എന്നിവിടങ്ങളിലുമാണ് മോഷണം നടന്നത്. അലക്കടവ് ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് പണം കവർന്നു. ശേഷം, പരിപ്പിലെ ഷാപ്പിൽ കയറിയ മോഷ്ടാവ് കള്ളുകുടിക്കുകയും മേശവലിപ്പിൽനിന്ന്​ പണം കവരുകയും ചെയ്തു. ഹെൻട്രി ബേക്കർ ഹാൾ, അലക്കുകടവ് എന്നിവിടങ്ങളിലെ ട്രാൻസ്​ഫോർമറുകളുടെ ഫ്യൂസ് ഊരിമാറ്റിയ നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിപ്പ് ക്ഷേത്രത്തിലെ സി.സി.ടി.വിയിലാണ് മോഷ്ടാവിന്‍റെ ചിത്രം പതിഞ്ഞത്. നാല് മാസത്തിനിടെ പരിപ്പ് ഗുരുമന്ദിരത്തിൽ മൂന്നാം തവണയും അലക്കുകടവ് ഗുരുമന്ദിരത്തിൽ രണ്ടാം തവണയുമാണ് മോഷണം നടക്കുന്നത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരുവർഷത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാര്‍ നിയന്ത്രണംവിട്ട്​ തോട്ടിലേക്ക്​ മറിഞ്ഞു കുമരകം: ക്ഷേത്രത്തിലേക്ക്​ ​പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട്​ തോട്ടിലേക്ക്​ മറിഞ്ഞു. യാത്രക്കാരായ ദമ്പതികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവാഴ്ച രാവിലെ 7.30ന്​ പാണ്ടര്‍ ബസാര്‍ പാലത്തിനു സമീപമായിരുന്നു അപകടം. ആശാരിശ്ശേരി അര്‍ധനാരീശ്വരി ക്ഷേത്ര ദര്‍ശനത്തിനായി പോകുകയായിരുന്ന കുമരകം കാർത്യായനി നിവാസില്‍ പ്രശാന്ത്, ഭാര്യ സുലന്യ എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ്​ അപകടത്തിൽപെട്ടത്​. പാലം ഇറങ്ങവെ സ്കൂട്ടര്‍ യാത്രക്കാരനു സൈഡു കൊടുത്തപ്പോള്‍ കാർ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരായ ബിനു (പോന്‍), സണ്ണി, സമീപത്ത് ബേക്കറി നടത്തുന്ന ഷിബു (കുട്ടന്‍) എന്നിവരുടെ സമയോചിത ഇടപെടലാണ്​ ദമ്പതികൾക്ക്​ രക്ഷയായത്​. തോട്ടിലേക്ക്​ കാര്‍ വീണതിന്​ പിന്നാലെ ഓടിയെത്തിയ ഇവർ തോട്ടിലേക്ക് ചാടുകയായിരുന്നു. വെള്ളത്തിനടിയില്‍ കിടന്ന കാറിന്‍റെ ലോക്ക് തുറക്കാന്‍ കഴിയാത്തതിനാല്‍ ഗ്ലാസ് പൊട്ടിച്ച് അപകടത്തില്‍പെട്ടവരെ രക്ഷിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.