അമ്മയുണ്ട്​ കൂടെ... ജനനിയുടെ സ്വപ്​നങ്ങളിലേക്ക്​

attn...വീ പോസിറ്റിവ്​ കോളം.. -ഷീബ ഷൺമുഖൻ- കോട്ടയം: പുല്ലരിക്കുന്ന്​ കോളനിയിലെ കുഞ്ഞുവീടിന്‍റെ മുന്നിൽനിന്ന്​ ജനനി നടന്നുതുടങ്ങിയത്​ അമ്മക്കരുത്തിന്‍റെ തണൽ പറ്റിയാണ്​. അമ്മ തുറന്നിട്ട ജാലകങ്ങളിലൂടെയാണ്​ അവൾ ആകാശം മുട്ടെ സ്വപ്​നങ്ങൾ നെയ്യുന്നത്. ദുരിതജീവിതത്തിന്‍റെ കാളിമപടർന്ന ആ മുഖമാണ്​ ജനനിക്ക്​ മുന്നോട്ടുള്ള പ്രയാണത്തിൽ ഊർജമാകുന്നത്​. കേരളത്തിൽനിന്ന്​ സാഹസിക പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏകപെൺകുട്ടിയായി​ ​ജനനി വാർത്തകളിൽ ഇടംപിടിക്കുമ്പോൾ ഈ അമ്മമനവും സന്തോഷനിറവിലാണ്​. കോട്ടയം ബി.സി.എം കോളജിലെ രണ്ടാംവർഷ ബി.എസ്​സി ഫിസിക്സ്​ വിദ്യാർഥിനിയാണ്​ ജനനി. അഞ്ചാം കേരള വനിത വിഭാഗം ബറ്റാലിയൻ ചങ്ങനാശ്ശേരിയിലെ എൻ.സി.സി കാഡറ്റായ​ ജനനി​ക്ക്​ ജമ്മുവിലെ പഹൽഗാം ജവഹർ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മൗണ്ടനീയറിങ്​ ആൻഡ്​ വിന്‍റർ സ്​പോർട്​സിലാണ്​ ​പരിശീലനത്തിന്​​ അവസരം ലഭിച്ചത്​. ബറ്റാലിയന് കീഴിലെ നാലു കോളജുകളിലെ വിദ്യാർഥികളിൽനിന്ന്​ ശാരീരികക്ഷമത പരിശോധനയിലൂടെ​ തെരഞ്ഞെടുക്കുകയായിരുന്നു. ആശങ്ക​കളോ​ടെ പുറപ്പെട്ട ജനനി 15 ദിവസത്തെ ക്യാമ്പ്​ കഴിഞ്ഞ്​ മടങ്ങിയെത്തിയപ്പോൾ അമ്മയെ ചേർത്തുപിടിച്ചുപറഞ്ഞു​ -''അമ്മയാണ്​ എന്നെ ഇവിടെ വരെയെത്തിച്ചത്.''​ തിരുനെൽവേലി സ്വദേശിയായ കനകരാജിനെ വിവാഹം കഴിച്ചാണ്​ ജനനിയുടെ അമ്മ കൃഷ്ണമ്മാൾ തമിഴ്​നാട്ടിൽനിന്ന് കോട്ടയത്തെത്തുന്നത്​. അതിനുമുമ്പേ കനകരാജ്​ കേരളത്തിലെത്തിയിരുന്നു. കൂലിപ്പണി ചെയ്താണ്​ ഇവർ ജീവിച്ചതും മൂന്നു മക്കളെ പഠിപ്പിച്ചതും. ഇടക്ക്​ രോഗബാധിതനായി കനകരാജ്​ മരിച്ചതോടെ അന്യനാട്ടിൽ, ജീവിതവഴിയിൽ കൃഷ്ണമ്മാൾ ഒറ്റക്കായി. പിന്നെ മക്കൾക്കുവേണ്ടിയായി ജീവിതം. വീട്ടുവേല ചെയ്താണ്​​ കൃഷ്ണമ്മാൾ മക്കളെ നോക്കുന്നത്​. മക്കൾ പഠിച്ചുവലിയവരാകുന്നതാണ്​ ഈ അമ്മയുടെ സ്വപ്​നം. അതോടെ തന്‍റെ കഷ്ടപ്പാടുകൾ തീരുമെന്നാണ്​ പ്രതീക്ഷ​. ജനനി​ക്ക് താഴെ ഇരട്ടസഹോദരങ്ങളാണ്​ -ജയകൃഷ്ണനും ജയകുമാറും. പ്ലസ്​ ടു വിദ്യാർഥികളാണ്​ ഇരുവരും. സ്​പോർട്​സിലും അത്​ലറ്റിക്സ്​ മത്സരങ്ങളിലും സജീവമായ ജനനിക്ക്​ സൈന്യത്തിൽ ചേരാനാണ്​ ആഗ്രഹം. ആ ആഗ്രഹം നേടിയെടുക്കാനുള്ള യാത്രയിൽ ജനനിക്ക്​ തുണയാണ്​​ അമ്മയും രണ്ടു കുഞ്ഞനുജന്മാരും. തണുപ്പ്​ കഠിനം ജമ്മുവിലെ പഹൽഗാമിലായിരുന്നു ക്യാമ്പ്​. കോളജ്​ അധ്യാപികയും ഗ്രൂപ്​ കമാൻഡിങ്​ ഇൻസ്​ട്രക്ടറുമായ സോമി ജെയ്​സനാണ്​ ജനനി​ക്കൊപ്പം പോയത്​. മറ്റ്​ സംസ്ഥാനങ്ങളിൽനിന്നായി 25 കുട്ടികളുണ്ടായിരുന്നു. മാവേലിക്കര സ്വദേശി ശ്രീജിത്​ ശ്രീനിയായിരുന്നു കേരളത്തിൽനിന്നുണ്ടായിരുന്ന ആൺകുട്ടി.​ മലകയറ്റം, വനത്തിലൂടെയുള്ള സാഹസിക യാത്ര, നദി മുറിച്ചുകടക്കൽ, രക്ഷാപ്രവർത്തനം തുടങ്ങിയവയിലും പരിശീലനം നേടി. ക്യാമ്പ്​ കഴിഞ്ഞ്​ തിരിച്ച്​ ഡൽഹിയിലെത്തിയപ്പോഴാണ്​ പഹൽഗാമിൽ തങ്ങൾ താമസിച്ചിരുന്ന സ്ഥലത്തിനു മുന്നിൽ ഭീകരാക്രമണം നടന്ന വിവരം അറിയുന്നത്​. പരിശീലനത്തെക്കാൾ കഠിനം അവിടത്തെ തണുപ്പായിരുന്നു. രണ്ടു​ ജാക്കറ്റിട്ടാണ്​ കഴിഞ്ഞതെന്നും ജനനി പറഞ്ഞു. KTG JANANI- ജനനി അമ്മ കൃഷ്ണമ്മാളിനൊപ്പം - ചിത്രം- ദിലീപ്​ പുരക്കൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.