വീടി​ന്​​ നിർമാണ വിലക്ക്​: പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക്​​ മാറ്റം

കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺകുമാറിനെ സ്ഥലം മാറ്റി. നേരത്തേ സിൽവർലൈൻ അലൈൻമെന്‍റിൽ ഉൾപ്പെട്ടതാണെന്ന്​ ചൂണ്ടിക്കാട്ടി പനച്ചിക്കാട് പഞ്ചായത്ത്​ വീടി​നു​​ നിർമാണ വിലക്ക്​ ഏർപ്പെടുത്തിയത്​ വൻ വിവാദമായിരുന്നു. പിന്നീട്​ അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത്​ വൻ രാഷ്ട്രീയ വിവാദവുമായിരുന്നു. ഇതിൽ സെക്രട്ടറിയെ പ്രതിസ്ഥാനത്തുനിർത്തി സി.പി.എം ​നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്​ മാറ്റം. കടുത്തുരുത്തിയിലെ മുളക്കുളം പഞ്ചായത്ത്​ സെക്രട്ടറിയായാണ്​ പുതിയ നിയമനം. വീടിന്‍റെ രണ്ടാം നില പണിയാൻ ബിൽഡിങ്​ പെർമിറ്റിനായി കോട്ടയം കൊല്ലാട്​ വൈക്കത്ത്​ കൊച്ചുപുരക്കൽ ജിമ്മി ഈശോ മാത്യു നൽകിയ അപേക്ഷയാണ്​ പനച്ചിക്കാട്​ പഞ്ചായത്ത്​ തള്ളിയത്​. സിൽവർലൈൻ കടന്നുപോകുന്ന പ്രദേശമായതിനാൽ പഞ്ചായത്തിന്​ അനുമതി നൽകാനാകില്ലെന്നും കെ-റെയിലിന്‍റെ എൻ.ഒ.സി വേണമെന്നും സെക്രട്ടറി അറിയിക്കുകയായിരുന്നു. എൻ.ഒ.സി ആവശ്യപ്പെട്ട്​ പഞ്ചായത്ത്​ സെക്രട്ടറി സിൽവർലൈൻ തഹൽസിൽദാർക്ക്​ കത്തും നൽകി. ഇതുമായി ഇവർ കലക്​ടറേറ്റിലെ കെ-റെയിൽ സ്​പെഷൽ തഹൽസിൽദാർ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. രണ്ടുമാസം പിന്നിട്ടിട്ടും അപേക്ഷയിൽ തീരുമാനമാകാതെ വന്ന​തോടെ ഇക്കാര്യം ജിമ്മിയുടെ കുടുംബം മാധ്യമങ്ങളെ അറിയിച്ചു. പഞ്ചായത്ത്​ സെക്രട്ടറി നൽകിയ കത്തും പുറത്തുവന്നു. ഇതോടെ വിഷയം ചർച്ചയായി. തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ അടക്കമുള്ളവർ സ്ഥലത്തെത്തുകയും കോൺഗ്രസ്​ വൻ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഇതിനു പിന്നാലെ അനുമതി ആവശ്യമില്ലെന്ന്​ കെ-റെയിൽ വ്യക്തമാക്കുകയും പഞ്ചായത്ത്​​ നിർമാണത്തിനുള്ള പെർമിറ്റ്​ അനുവദിക്കുകയും ചെയ്തിരുന്നു. അന്ന്​ സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്​ ആരോപിച്ച്​ സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത്​ ഓഫിസ്​ ഉപരോധിച്ചിരുന്നു. പഞ്ചായത്ത്​ ഭരിക്കുന്ന യു.ഡി.എഫും പഞ്ചായത്തും സെക്രട്ടറിയും ചേർന്ന ഒത്തുകളിയാണ്​ ​ഇതിനു പിന്നിലെന്നും​ സി.പി.എം നേതാക്കൾ ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.