എരുമേലി വിമാനത്താവളം: റൺവേ ദിശ നിർണയിച്ചു

പാരിസ്ഥിതിക ആഘാതപഠനം പുരോഗമിക്കുന്നു കോട്ടയം: നിർദിഷ്ട എരുമേലി വിമാനത്താവളത്തിലെ റൺവേയുടെ ദിശ നിർണയിക്കാൻ നടത്തിയ 'ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ്' (ഒ.എൽ.എസ്) സർവേ പൂർത്തിയായി. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും കാഴ്ചമറക്കുന്ന ​കെട്ടിടങ്ങളോ മലകളോ ടവർ ലൈനുകളോ ഉണ്ടോ എന്നറിയാനാണ്​ ഒ.എൽ.എസ്​ സർവേ നടത്തുന്നത്​. അനുയോജ്യമായ ദിശ കണ്ടെത്തിയതായി സർവേ നടത്തിയ ചെന്നൈയിലെ ജിയോ എ.ഡി എന്ന ഏജൻസി അറിയിച്ചതായും ഇതുസംബന്ധിച്ച റിപ്പോർട്ട്​ ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും സ്​പെഷൽ ഓഫിസർ വി. തുളസീദാസ്​ പറഞ്ഞു. വിമാനത്താവളത്തിന്‍റെ പാരിസ്ഥിതിക ആഘാതപഠനവും കൺസൾറ്റിങ് ഏജൻസി ലൂയി ബഗ്‌റിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​. നേരത്തേ 2.7 കിലോമീറ്റർ നീളത്തിലെ ഭൂമി ചെറുവള്ളി എസ്​റ്റേറ്റിൽ റൺവേക്കായി കണ്ടെത്തിയിരുന്നു. എന്നാലിത്​ കരിപ്പൂർ വിമനത്താവളത്തിലേതിന്​ സമാനമായ ടേബിൾടോപ്പ് റൺവേ ആണെന്നും അപകടഭീഷണിയുള്ളതാണെന്നും ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷൻ (ഡി.ജി.സി.എ) കേന്ദ്ര വ്യോമ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല, രാജ്യാന്തര വിമാനത്താവളങ്ങൾക്ക്​ മൂന്നുകിലോമീറ്റർ നീളവും വേണം. ഇതോടെയാണ്​ പുതിയ സ്ഥലം കണ്ടെത്താൻ തീരുമാനിച്ചത്​. വി​മാ​ന​ത്താ​വ​ള​ങ്ങൾ തമ്മിൽ 150 കി​ലോമീറ്റർ ദൂരപരിധി വേണമെന്ന വ്യവസ്ഥയിൽ ഇളവ്​ ലഭിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂർ വിമാനത്താവളത്തിന്​ ഇത്തരത്തിൽ ഇളവ്​ ലഭിച്ചിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതപഠന റിപ്പോർട്ട് കേന്ദ്രം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്​. ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയ അപാകതകളടക്കം പരിഹരിച്ച്​ റിപ്പോർട്ട്​ ഉടൻ നൽകാനാണ്​ ശ്രമം. സാധ്യത പഠനത്തിനും വിശദപദ്ധതി രേഖക്കും സംസ്ഥാന ബജറ്റിൽ രണ്ടുകോടി അനുവദിച്ചതും പാർലമെന്‍ററി സമിതി പച്ചക്കൊടി കാട്ടിയതും പദ്ധതിക്കു ഊർജം നൽകുന്ന നടപടികളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.