സംഘടന വീഴ്ച: തിരുത്തൽ നടപടികളിലേക്ക്​ ഡി.സി.സി

കോട്ടയം: കെ.പി.സി.സി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതിനുപിന്നാലെ സംഘടനാവീഴ്ച പരിഹരിക്കാനുള്ള നടപടികളിലേക്ക്​ ജില്ല​ കോൺഗ്രസ്​ നേതൃത്വം. ഇതിന്‍റെ ഭാഗമായി ബുധനാഴ്ച ഡി.സി.സി യോഗം ചേരും. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞദിവസം നടന്ന ജില്ല കോൺഗ്രസ്​ നേതൃയോഗത്തിൽ ജില്ലയിലെ പ്രവർത്തനത്തിൽ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ അതൃപ്തി പരസ്യമാക്കിയിരുന്നു. മോശം പ്രകടനമാണ്​ ജില്ലയിലേതെന്നും ഇതിന്​ മാറ്റം വേണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. നേതാക്കൾ തമ്മിലെ ഭിന്നതയാണ്​ ജില്ലയിലെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നത്​. പ്രശ്നങ്ങൾക്ക്​ അടിയന്തര പരിഹാരം കാണണമെന്നും സുധാകരൻ നിർദേശിച്ചിരുന്നു. യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണത്തിൽ വീഴ്ച വന്നതായും വിമർശനമുണ്ടായിരുന്നു. ഇതോടെയാണ്​ ഡി.സി.സി യോഗം വിളിച്ചത്​. നേതാക്കൾ തമ്മിലെ ഭിന്നതകൾ പരിഹരിക്കാനും കെ.പി.സി.സി നിർദേശിച്ചിരുന്നു. ഇത്​ കണക്കിലെടുത്ത്​ ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമവും യോഗത്തിലുണ്ടാകുമെന്നാണ്​ സൂചന. ഡി.സി.സി ഭാരവാഹികൾക്കൊപ്പം ​​​ബ്ലോക്ക്​ ഭാരവാഹികളും യോഗത്തിൽ പ​​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.