കോട്ടയം: പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷും ശനിയാഴ്ച ഒരേവേദിയിൽ. അടുത്തിടെ കോട്ടയത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത സിൽവർലൈൻ ജനകീയ പ്രതിഷേധ സദസ്സ് നാട്ടകം സുരേഷ് ബഹിഷ്കരിച്ചത് വലിയ ചർച്ചയായിരുന്നു. വി.ഡി. സതീശനോടുള്ള അതൃപ്തിയായിരുന്നു ബഹിഷ്കരണത്തിന് പിന്നിൽ. ഡി.സി.സി പ്രസിഡന്‍റ് എന്ന പദവിയുടെ രാഷ്ട്രീയ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടാണ് വിട്ടുനിന്നതെന്ന് പിറ്റേന്ന് വാർത്തസമ്മേളനം വിളിച്ച് വിശദീകരിച്ച അദ്ദേഹം വിളിക്കാത്ത ചാത്തതിന് പോകില്ലെന്നും പ്രതികരിച്ചു. ഇത് വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സുരേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിൻെറ തുടർച്ചയായി സുധാകരൻ തന്നെ വിഷയത്തിൽ ഇടപെടുകയും പാർട്ടി പ്രവർത്തകർക്ക് ഉണ്ടായ മാനസിക പ്രയാസത്തിൽ നിർവ്യാജം ഖേദപ്രകടനം നടത്താൻ സുരേഷിന് നിർദേശവും നൽകി. സുരേഷ് ഇത് അംഗീകരിച്ചതോടെ പ്രശ്നം ഒത്തുതീരുകയായിരുന്നു. കെ.പി.സി.സി യോഗത്തിലും സുരേഷ് സംഭവങ്ങൾ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം വി.ഡി. സതീശൻ നടത്തിയ ഇഫ്താർ സംഗമത്തിലും പങ്കെടുത്തു. ഇതിൻെറ തുടർച്ചയായിട്ടാണ് പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ ആശയക്കുഴപ്പം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃയോഗം ചേരാൻ ധാരണയായത്. ശനിയാഴ്ച രാവിലെ 10ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിലാണ് യോഗം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും യോഗത്തിനെത്തും. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, പി.എ. സലീം, ജോസി സെബാസ്റ്റ്യൻ എന്നിവരടക്കമുള്ള നേതാക്കളും പങ്കെടുക്കും. കെ-റെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനും കോൺഗ്രസ് പാർട്ടിയെ ശാക്തീകരിക്കുന്നതിനും യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായാണ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.