കോലങ്ങൾ ഉറഞ്ഞുതുള്ളി; കടമ്മനിട്ടയിൽ വലിയ പടയണി

പത്തനംതിട്ട: കൊട്ടിക്കയറിയ വാദ്യമേളങ്ങൾ. ചൂട്ടുകറ്റയുടെ പ്രഭ. പിന്നെ, കരക്കാരുടെ ആർപ്പുവിളികളും. ഇതിനൊക്കെ നടുവിൽ കടമ്മനിട്ട കാവിൽ കോലങ്ങൾ ഉറഞ്ഞുതുള്ളി. ഭക്തിരസമായിരുന്നു വലിയ പടയണി. പടയണിയുടെ ആവേശം ഏറ്റുവാങ്ങാൻ ദൂരദേശങ്ങളിൽനിന്നും ജനസഞ്ചയം എത്തിയിരുന്നു. പുലരും വരെ നീണ്ടു ചടങ്ങുകൾ. ഭഗവതിയുടെ മനസ്സിലിരിപ്പുകൾ പുറത്തറിയിച്ച വെളിച്ചപ്പാട്. എട്ടുദിക്കും നിറഞ്ഞ പാട്ടുകൾ. കാച്ചിക്കൊട്ടിയ തപ്പിന്റെ ചൂടുള്ള ശബ്ദം. യക്ഷിയും പക്ഷിയും മറുതയും സമർപ്പണങ്ങളാകുന്നത് പ്രാർഥനയോടെ ഭക്തർ കണ്ടു നിന്നു. കരിവർണമണിഞ്ഞ് കളം നിറഞ്ഞ കുറത്തി, വടി കുത്തിവന്ന് ചിരിയെറിഞ്ഞ അമ്മൂമ്മ, ഭഗവതിയായി വന്ന ഭൈരവി, പന്തവും വാളും പഞ്ചമുഖവുമണിഞ്ഞ് മൃത്യുഭയമകറ്റിയ കാലൻ. ഇങ്ങനെ പറഞ്ഞാൽ തീരാത്തതാണ്​ കടമ്മനിട്ട വലിയ പടയണിയുടെ വിശേഷങ്ങൾ. മംഗളഭൈരവിയും പൂപ്പടയും കരവഞ്ചിയും ചൂട്ടുപടയണിയുടെ ഇക്കൊല്ലത്തെ അവസാന ചടങ്ങുകളായി. വെള്ളിയാഴ്ച ക്ഷേത്രത്തിൽ ആർക്കും പ്രവേശനമില്ല. ഭഗവതിക്ക്​ പള്ളിയുറക്കമാണ്. ശനിയാഴ്ച രാവിലെ ഒമ്പതിന് പകൽപ്പടയണി നടക്കും. രാത്രി എഴുന്നള്ളത്തിനും വിളക്കിനും ശേഷം ഭഗവതിയെ ശ്രീകോവിലിലേക്ക് കൊട്ടിക്കയറ്റും. ഇതോടെ ഇക്കൊല്ലത്തെ പടയണിക്കാലം പൂർണമാകും. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഏർപ്പെടുത്തിയ രാമൻ നായരാശാൻ പുരസ്കാരം സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്തു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. നാരങ്ങാനം പടയണി ആശാൻ നെയ്​വേലിൽ ടി.എസ്. രാധാകൃഷ്ണൻ നായർക്ക് കടമ്മനിട്ട വാസുദേവൻ പിള്ള പുരസ്കാരം നൽകി. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പടയണി പുരസ്കാരം വി.കെ. പുരുഷോത്തമൻ പിള്ള കടമ്മനിട്ട പടയണി ആശാൻ പി.ടി. പ്രസന്നകുമാറിന് നൽകി. ദേവസ്വം കമ്മിറ്റി പ്രസിഡന്റ് കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. രഘുകുമാർ, ജോയന്‍റ്​ സെക്രട്ടറി വി.ബി. പ്രസാദ്, ശ്രീദേവി പടയണി സംഘം പ്രസിഡന്റ് ഇലന്തൂർ അശോക് കുമാർ എന്നിവർ സംസാരിച്ചു. ആറന്മുള വാസ്തു വിദ്യാഗുരുകുലത്തിലെ മ്യൂറൽ അധ്യാപകൻ ശ്രീക്കുട്ടൻ നായർ വരച്ച പടയണി മ്യൂറലിന്റെ മിഴിതുറക്കൽ കലക്ടർ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.