ജലസംരക്ഷണ പ്രവർത്തനത്തിന്‍റെ കേരള മാതൃക അവതരിപ്പിച്ച് വാഴൂർ

വാഴൂർ: കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയം ആസാദി കാ അമൃത്​ മഹോത്സവ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് വാഴൂർ ഗ്രാമപഞ്ചായത്ത്. ഈ മാസം 11 മുതൽ 17 വരെ ഡൽഹി വിജ്ഞാൻ ഭവനിൽ കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ അമൃത്​ മഹോത്സവത്തിന് ഭാഗമായി സംസ്ഥാനങ്ങളുടെ മാതൃക അവതരിപ്പിച്ചു സെമിനാർ സംഘടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് മാതൃകകൾ അവതരിപ്പിക്കാനുള്ള അവസരം നൽകിയിരുന്നു. സംസ്ഥാനത്തുനിന്നും വാഴൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകളെയാണ്​ കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയം തെരഞ്ഞെടുത്തത്​. വാഴൂർ ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കുവേണ്ടി നടത്തിയിരുന്ന വിവിധ പദ്ധതികൾ ക്രോഡീകരിച്ച് കേന്ദ്രപഞ്ചായത്തിരാജ് മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകൾ സമർപ്പിച്ചിരുന്ന പ്രവർത്തനങ്ങളിൽ പരിശോധിച്ചാണ് കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയം ജലസൗഹൃദ പഞ്ചായത്ത് വിഭാഗത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തിനെ സെമിനാറിൽ വിഷയം അവതരിപ്പിക്കുവാൻ തെരഞ്ഞെടുത്തത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മഴക്കുഴികൾ, കിണർ റീചാർജിങ് സമ്പ്രദായം, മഴവെള്ള സംഭരണികളുടെ നിർമാണം, തുടർ ചെക്ക്ഡാമുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചാണ് വാഴൂർ പഞ്ചായത്ത് ശ്രദ്ധേയമായത്. ഇത്തരത്തിലുള്ള പദ്ധതികൾ സംസ്ഥാനത്താകെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് പദ്ധതി വിശദീകരിച്ച്​ സംസാരിച്ച വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി പറഞ്ഞു. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് ജോയന്‍റ്​ ഡയറക്ടർ ത്രേസ്യാമ്മ ആന്‍റണി, ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ്​ സിന്ധു ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം അജിത് കുമാർ എന്നിവരും സെമിനാറിൽ പങ്കെടുത്തു. KTL VZR 2 Delhi Seminar Vahoor Panchayath കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ആസാദി കാ അമൃത്​ മഹോത്സവത്തി​ന്‍റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ ജലസംരക്ഷണ പ്രവർത്തനം കേരള മാതൃക വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി അവതരിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.