കോട്ടയം: സിയാൽ മാതൃകയിൽ റബർ അധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപവത്കരിച്ച കേരള റബർ ലിമിറ്റഡിന്‍റെ ഡി.പി.ആർ പുതുക്കാൻ തീരുമാനം. ഇതിനായി റബർ ബോർഡിനെ ചുമതലപ്പെടുത്തി. നേരത്തേ പദ്ധതിയുമായി ബന്ധപ്പെട്ട് കിറ്റ്കോ ഡി.പി.ആർ (വിശദ പദ്ധതി രേഖ) തയാറാക്കിയിരുന്നു. അന്ന് സ്ഥലം ഉൾപ്പെടെ കാര്യങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. കമ്പനിയുടെ കീഴിൽ ടയർ നിർമാണം അടക്കം ബൃഹത് പദ്ധതികളായിരുന്നു ആലോചനയിൽ. തുടർപരിശോധനയിൽ ആദ്യം ടയർ നിർമാണം പ്രായോഗികമാകില്ലെന്ന് കണ്ടതോടെ സൂക്ഷ്മ - ചെറുകിട- ഇടത്തര സംരംഭങ്ങൾക്ക് സൗകര്യമൊരുക്കാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഡി.പി.ആർ പുതുക്കാനുള്ള തീരുമാനം. സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിന്‍റെ 145 ഏക്കർ ഭൂമി കമ്പനിക്ക് വിട്ടുനൽകാൻ നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സ്ഥലം വേഗത്തിൽ റബർ ലിമിറ്റഡിന് കൈമാറാൻ കിൻഫ്രക്ക് സർക്കാർ നിർദേശം നൽകി. ഇവിടെ കമ്പനിയുടെ ഓഫിസും പ്രവർത്തനം തുടങ്ങി. സ്ഥലം, നിക്ഷേപം തുടങ്ങി മുഴുവൻ വിശദാംശങ്ങളും ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി രേഖ. മേയ് ആദ്യ ആഴ്ചയോടെ ഡി.പി.ആർ ലഭിക്കുമെന്നാണ് കേരള റബർ ലിമിറ്റഡ് പ്രതീക്ഷ. ഇത് ലഭിച്ചുകഴിഞ്ഞാൽ സ്വകാര്യ സംരംഭകരുമായി ചർച്ച നടത്തും. ഇതിനിടെ സ്ഥലം കൈമാറ്റ നടപടികളും പൂർത്തിയാക്കാനാണ് ധാരണ. പദ്ധതിയിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യം. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ സംസ്കരിച്ച് ഉൽപന്നങ്ങളാക്കി മാറ്റി കൃഷിക്കാർക്ക് മികച്ച വില ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിക്ക് സർക്കാർ രൂപം നൽകിയത്. ഇന്ത്യയിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്ന 7.5 ലക്ഷം ടൺ റബറിൽ 5.4 ലക്ഷം ടണ്ണും കേരളത്തിലാണ്. ഇതിന്‍റെ 20 ശതമാനം മാത്രമേ ഇവിടെ സംസ്കരിക്കുന്നുള്ളു. ബാക്കി മറ്റു സംസ്ഥാനങ്ങളിലടക്കം എത്തിച്ച് ഉൽപന്നങ്ങളായി കേരളത്തിലെ വിപണിയിലേക്ക് തന്നെ എത്തിക്കുന്ന സ്ഥിതിയാണ്. 2030ഓടെ 40 ശതമാനം റബർ ഇവിടെ സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും കേരളത്തെ ലാറ്റക്സ് ഹബ് ആക്കി മാറ്റാനുമാണ് കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്. ലാറ്റക്സ് ഉപയോഗിച്ചുള്ള ഹീറ്റ് റെസിസ്റ്റന്‍റ് ലാറ്റക്സ് ത്രെഡ്, മെഡിക്കൽ ഗ്ലൗസ്, ഓഫ് റോഡ് ടയറുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. കേരള റബർ ലിമിറ്റഡിനായി ആദ്യ ഘട്ടത്തിൽ 10 കോടിയാണ് സർക്കാൻ അനുവദിച്ചത്. കേരള റബർ ലിമിറ്റഡിന്‍റെ ചെയർപേഴ്‌സനും മാനേജിങ് ഡയറക്ടറുമായി ഷീല തോമസിനെയും നിയോഗിച്ചിരുന്നു. -- എബി തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.