പാർപ്പിട, കുടിവെള്ള പദ്ധതികൾക്ക്​ മുൻഗണന നൽകി ഈരാറ്റുപേട്ട നഗരസഭ ബജറ്റ്

ഈരാറ്റുപേട്ട: പാർപ്പിട- കുടിവെള്ള പദ്ധതികൾക്ക്​ ഊന്നൽനൽകി ഈരാറ്റുപേട്ട നഗരസഭ ബജറ്റ്​. ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ബജറ്റ്​ അവതരിപ്പിച്ചു. 53,79,48,763രൂപ വരവും 49,62,65,850 രൂപ ചെലവും 4,16,82,913 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്​. സീവേജ് ട്രിറ്റ്മൻെറ് പ്ലാൻറും മേജർ കുടിവെള്ള പദ്ധതിയും യാഥാർഥ്യമാക്കാൻ 15 കോടി നീക്കിവച്ചിട്ടുണ്ട്. തേവരുപറ, കുറ്റിമരംപറമ്പ് ,കൊട്ടുകാപ്പള്ളി, കൊല്ലംപറമ്പ് ,അനിപ്പടി, മറ്റക്കാട്, കൊണൂർമല, അരുവിത്തുറ എന്നിവടങ്ങളിൽ പ്രാദേശിക കടിവെള്ള പദ്ധതികൾ നടപ്പിലാക്കും. തുമ്പൂർമുഴി മോഡൽ എയറോബിക് ബിൻ യൂനിറ്റുകൾ സ്ഥാപിക്കുന്നതിനായി 60 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 12 ലക്ഷം ചെലവഴിച്ച് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ബക്കറ്റ് കംപോസ്റ്റ് നടപ്പാക്കും. 500 വിടുകളിൽ വെർമികം കംമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് 15 ലക്ഷവും നീക്കിവെച്ചു. പുതിയ നഗരസഭ ഓഫിസ് സമൂച്ചയം നിർമാണം വേഗത്തിലാക്കും. ഹൈജിനിക് മാർക്കറ്റ് കോപ്ലക്സ് പ്രവർത്തനമാരംഭിക്കുന്നതിനായി 10 ലക്ഷവും പ്രൈവറ്റ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ്​ കോപ്ലക്സ് നിർമിക്കുന്നതിന് അഞ്ചുകോടിയും ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്. അരുവിത്തുറ സ്‌കൂൾ സ്​റ്റേഡിയം അധികൃതരുമായി സംസാരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിനുള്ള നടപടിയെടുക്കും. സ്റ്റേഡിയം അറ്റകുറ്റപ്പണി നഗരസഭ നടത്തും. ഇതിനായി 10 ലക്ഷം രൂപ വകകൊള്ളിച്ചു. ഓപൺ സ്റ്റേജും ഓപൺ ജിമ്മും, യാഥാർഥ്യമാക്കും. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി. ബജറ്റ് യോഗത്തില്‍ സെക്രട്ടറി സുമയ്യ ബീവി, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ റിയാസ് പ്ലാമൂട്ടിൽ ,അനസ് പുള്ളോലിൽ ,സുനിത ഇസ്മായിൽ, ഡോ. സഹ്​ല ഫിർദൗസ്, റിസ്വാന സവാദ്, കൗൺസിലറന്മാരായ വി.പി .നാസർ, പി.എം. അബ്ദുൽ ഖാദർ, അനസ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.