മാണി സി.കാപ്പനെ സർക്കാർ പരിപാടികളിൽനിന്ന്​ ഒഴിവാക്കാനുള്ള നീക്കം വിവാദമാകുന്നു

കോട്ടയം: സർക്കാർ പരിപാടികളിൽനിന്ന്​ എം.എൽ.എ മാണി സി.കാപ്പനെ ഒഴിവാക്കാനുള്ള നീക്കം വിവാദമാകുന്നു. കേരള കോൺഗ്രസ് എമ്മിന്‍റെ നേതൃത്വത്തിലാണ് മാണി സി.കാപ്പനെതിരെയുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായുള്ള നടപടി. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കടമുറികളുടെ ഉദ്ഘാടന ചടങ്ങിലെ അധ്യക്ഷസ്ഥാനത്തുനിന്ന്​ സ്ഥലം എം.എൽ.എ ആയ കാപ്പനെ ഒഴിവാക്കിരം. പക മന്ത്രി വി.എൻ. വാസവൻ ആണ് അധ്യക്ഷൻ. ഉദ്ഘാടകൻ മന്ത്രി ആന്‍റണി രാജുവാണ്. വാസവനെ ചടങ്ങിൽ ഉൾപ്പെടുത്തിയത് കാപ്പന്​ അധ്യക്ഷസ്ഥാനം നൽകാതിരിക്കാനാണെന്ന്​ ആക്ഷേപം. ഔദ്യോഗിക ചടങ്ങുകളിൽ രണ്ടു മന്ത്രിമാർ വന്നാൽ അധ്യക്ഷസ്ഥാനം ഉദ്ഘാടകനല്ലാത്ത മന്ത്രിക്ക്​ നൽകണമെന്നതാണ് ചട്ടം. ഇത് ഉയർത്തിയാണ് കാപ്പനെ ഒഴിവാക്കിയത്. അതേസമയം, നേരത്തേ ചട്ടങ്ങൾ നോക്കാതെതന്നെ മൂന്നു മന്ത്രിമാർ പങ്കെടുത്ത ചടങ്ങുകളിൽപോലും കെ.എം. മാണി അധ്യക്ഷനായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി പുറത്തിറക്കിയ ക്ഷണപത്രികയിൽനിന്ന്​ സ്ഥലം എം.എൽ.എയായ കാപ്പനെ പുറത്താക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, വി.എൻ. വാസസൻ എന്നിവരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കെ.എം. മാണിയാണ് പാലാ എം.എൽ.എ എന്ന്​ കെ.എസ്.ആർ.ടി.സി എം.ഡി. ക്ഷണപത്രികയിൽ പറഞ്ഞതും വിവാദമായിട്ടുണ്ട്. കഴിഞ്ഞദിവസം പാലാ നഗരസഭ എം.എൽ.എയെ അറിയിക്കാതെ ഒ.പി വിഭാഗം ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. ഇതിനുമുമ്പേ എം.എൽ.എ ഉദ്ഘാടനം നടത്തുകയായിരുന്നു. ബജറ്റിൽ പാലാക്ക്​ കേരള കോൺഗ്രസിന്‍റെ സമ്മാനമുണ്ടാകുമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചെങ്കിലും ആകെ രണ്ടു പദ്ധതികൾക്ക്​ മാത്രമാണ് പണം അനുവദിച്ചത്. ഭരണസ്വാധീനം മുതലെടുത്ത് എം.എൽ.എക്കെതിരെ നീങ്ങുവാനാണ് കേരള കോൺഗ്രസ് എമ്മിന്‍റെ ശ്രമമെന്നും ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.