കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്​ നിലനികത്താൻ അനുമതിയില്ലെന്ന്​ കൃഷി മന്ത്രി

മോൻസ്​ ജോസഫ്​ പ്രതിഷേധിച്ചു തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ എട്ട്​ ഏക്കർ നിലം നിലത്താൻ അനുമതി നൽകാനാകില്ലെന്ന്​ മന്ത്രി പി. പ്രസാദ്​ നിയമസഭയിൽ അറിയിച്ചു. എട്ട്​ ഏക്കർ നികത്തുന്നത്​ പാരിസ്ഥിതിക വ്യവസ്ഥയെ ദോഷകരമായി ബാധിയ്ക്കും. കേന്ദ്രീയ വിദ്യാലയത്തിന്​ മറ്റ് അനുയോജ്യമായ സ്ഥലങ്ങള്‍ ഉപയോഗിച്ചാല്‍ അത്​ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കാമെന്നും മോൻസ്​ ജോസഫിന്‍റെ സബ്​മിഷന്​ മന്ത്രി മറുപടി നൽകി. മന്ത്രിയുടെ മറുപടിയിൽ സഭയിൽ മോൻസ്​ ജോസഫ്​ പ്രതിഷേധിച്ചു. എന്നാൽ സംസാരിക്കാൻ ​അനുമതി ലഭിച്ചില്ല. അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ പേരിൽ പാടശേഖരങ്ങളുടെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടും വിധം നികത്തുന്നത്​ അഭികാമ്യമല്ലെന്ന്​ മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് മറ്റ് വകുപ്പുകൾക്ക്​ ഭൂമി കൈമാറുമ്പോൾ നെൽവയൽ സംരക്ഷണ നിയമ പരിധിയിൽ വരുന്നതാണെങ്കിൽ നിയമപ്രകാരം അനുമതി ലഭ്യമാക്കി മാത്രമേ നടപടി എടുക്കാവൂ. പകരം സ്ഥലം ലഭ്യമല്ലെന്നും ​ചേർന്ന്​ കിടക്കുന്ന പാടത്തെ കൃഷിയേയോ പരിസ്ഥിതിയേയോ ദോഷകരമായി ബാധിക്കില്ലെന്നും ഉറപ്പാക്കണം. കടുത്തുരുത്തിയിലെ ഭൂമിയിൽ 1.20 ഏക്കർ സ്​ഥലം ചിറയാണ്​. ബാക്കി നിലവും. ഇത്​ നികത്താനുള്ള അപേക്ഷയിൽ സംസ്ഥാന തല സമിതി അംഗം സ്ഥല പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ പാരിസ്ഥിതിക വ്യവസ്ഥയെ ദോഷകരമായി ബാധിയ്ക്കുമെന്ന് വ്യക്​തമാക്കിയിരുന്നു. വെള്ളക്കെട്ട്​ സാധ്യത നിലനിൽക്കുന്നന്നതിനാല്‍ പാടം നികത്തുന്നത് നെല്‍ കൃഷിയേയും, പരിസ്ഥിതിയേയും ബാധിക്കുമെന്നും നിലം നികത്തിയാല്‍ മൂവാറ്റുപുഴ ആറില്‍ നിന്ന് എഴുമാംകായല്‍ വഴി വേമ്പനാട് കായലിലേയ്ക്കുള്ള നീരൊഴുക്കിന്‍റെ ഗതി തടസ്സപ്പെടുമെന്നും ജില്ലാ കലക്ടര്‍ റിപ്പോർട്ട്​ ചെയ്തു. ആപ്പാന്‍ ചിറ പാടശേഖരത്തിന്‍റെ കിഴക്കെ അതിരായ തോടിനോട് ചേർന്നാണ്​ 148 ഏക്കര്‍ വിസ്തൃതിയുള്ള വെള്ളാശ്ശേരി പാടശേഖരം. എട്ട്​ ഏക്കർ നികത്തിയാൽ തെക്കുഭാഗത്ത് 203 ഏക്കര്‍ വരുന്ന മാന്നാര്‍ തെക്കുംപുറം പാടശേഖരം, 145 ഏക്കര്‍ വരുന്ന മാന്നാര്‍ മിച്ച ഭൂമി പാടശേഖരം , 55 ഏക്കര്‍ വരുന്ന മാന്നാര്‍ പുത്തൻവരി, 55 ഏക്കര്‍ വരുന്ന മാന്നാര്‍ കുറിച്ചിക്കരി എന്നിവിടങ്ങളിലെ നെല്കൃ ഷിയെ സാരമായി ബാധിക്കും. ആപ്പാൻചിറ തോടുവഴിയുള്ള നീരൊഴുക്കു തടസ്സപ്പെടുകയും സമീപത്തുള്ള 606 ഏക്കറിലെ നെൽകൃഷിയേയും 400 ഓളംവരുന്ന കർഷകരേയും , കർഷകതൊഴിലാളികളെയും ബാധിക്കും. 1500 ടണ്‍ നെല്ലുത്​പാദനം ഇല്ലാതാകും. സംസ്ഥാന ഭക്ഷ്യ സുരക്ഷയെ ഇത്​ ബാധിക്കുകയും ചെയ്യും. പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും ജന ജീവിതത്തേയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.