നാട്ടിലേക്ക്​ തിരികെ മടക്കാനാവാതെ രാജീവിന്‍റെ മൃതദേഹവുമായി സുഹൃത്തുക്കൾ

കോട്ടയം: ഡാർജിലിങ്ങിൽ മരിച്ച മലയാളി നഴ്സ് രാജീവിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക്​ മടക്കി അയക്കാൻ സാധിക്കാത്ത ബുദ്ധിമുട്ടിലാണ്​ പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലെ അഭിജിത്തും മറ്റ്​ സുഹൃത്തുക്കളും. കോതനല്ലൂർ സ്വദേശിയായ രാജീവ്​ ഡാർജിലിങ്ങിലെ ആശുപത്രിയിൽ മെയിൽ നഴ്​സായി ജോലി നോക്കി വരുകയായിരുന്നു. ഫോണിൽ വിളിച്ച്​ കിട്ടാത്തതിനെ തുടർന്ന്​ ഞായറാഴ്ച സുഹൃത്തുക്കൾ രാജീവ്​ താമസിച്ചിരുന്ന വാടകവീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ്​ രാജീവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. രാജീവിന്‍റെ മരണവിവരം നാട്ടിൽ അറിയിക്കുകയും മറ്റ്​ നടപടികൾക്കുശേഷം നാട്ടിലേക്ക്​ അയക്കുന്നതിനെക്കുറിച്ചും ബന്ധുക്കളുമായി സംസാരിച്ചപ്പോൾ അവർക്ക്​ താൽ​പര്യമില്ലെന്ന മട്ടിലാണ്​ പ്രതികരിച്ചതെന്ന്​ സുഹൃത്തുക്കൾ പറയുന്നു. സുഹൃത്തുക്കൾ കഴിയുന്നതു​പോലെ സഹകരിച്ച്​ മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചുതരാം. അവിടുന്ന്​ നാട്ടിലേക്ക്​ കൊണ്ടുപോയാൽ മതിയെന്ന്​ പറഞ്ഞിട്ടും ബന്ധുക്കൾ സമ്മതിച്ചില്ലത്രെ. രാജീവിന്‍റെ പേരിൽ ഭൂമിയോ സ്വത്തോ ഒന്നുംതന്നെ നാട്ടിലില്ലെന്നും മറ്റ്​ നടപടികൾക്ക് വേണ്ടിയുള്ള പണം ആവശ്യമെങ്കിൽ അയച്ചുതരാമെന്നും സംസ്കാരവും മറ്റും ഡാർജിലിങ്ങിൽ തന്നെ നടത്തിയാൽ മതിയെന്നുമുള്ള പ്രതികരണമാണ്​ ബന്ധുക്കളിൽനിന്നുള്ളത്​. രാജീവിന്‍റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ല. സംസ്കാരം ഡാർജിലിങ്ങിൽ നടത്തുന്നതിനുള്ള ​ഔദ്യോഗിക നടപടികളുമായി മുന്നോട്ടുപോകാനാണ്​ തീരുമാനമെന്ന്​ ബന്ധുക്കൾ പറഞ്ഞതായി സുഹൃത്തുക്കൾ പറഞ്ഞു. രാജീവിന്‍റെ മാതാവ്​ മേരി ഇപ്പോൾ ദയ ഓൾഡ്​ ഏജ്​ ഹോമിലെ അന്തേവാസിയാണ്​. രാജീവ്​ കുറച്ചുകാലങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്ന്​ സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകീട്ടോടെ പോസ്റ്റ്​മോർട്ടം നടപടി കഴിഞ്ഞു. ആത്മഹ​ത്യയാണെന്നാണ്​ പ്രാഥമിക വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.