ജലപാതയോ, പോളപ്പാടമോ കോട്ടയം: ജലഗതാഗതവകുപ്പിന്‍റെ ബോട്ട് സർവിസുകളെ പ്രതിസന്ധിയിലാഴ്ത്തി കോടിമത കനാലിൽ പോള നിറഞ്ഞു. കോടിമത ജെട്ടിയിൽനിന്ന് ഒരുകിലോമീറ്റർ ദൂരത്തിൽ ജലപാതയിൽ പോളയും പുല്ലും നിറഞ്ഞുകിടക്കുകയാണ്. കോടിമതയിൽനിന്ന് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള സർവിസിനാണ് പോള (കുളവാഴ) കടമ്പ തീർക്കുന്നത്. ഇത് യാത്രബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രോപ്പല്ലറിൽ പോള കുടുങ്ങുന്നതോടെ ജീവനക്കാർ ഇറങ്ങി ഇത് നീക്കിയശേഷമാണ് പലപ്പോഴും സർവിസ് ആരംഭിക്കുന്നത്. പോള കാരണം ബോട്ട് കോടിമത ജെട്ടിയിൽ അടുപ്പിക്കാനും സാധിക്കാത്ത അവസ്ഥയുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് നിലവിൽ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നത്. പോളക്കൂട്ടത്തിലേക്ക് എത്തുന്നതോടെ ബോട്ടുകൾ വേഗം കുറക്കുന്നത് യാത്രസമയത്തെയും ബാധിക്കുന്നതായി ജീവനക്കാർ പറഞ്ഞു. തണ്ണീർമുക്കം ബണ്ട് അടച്ചതോടെയാണ് കായലിൽനിന്ന് പായലുകൾ വലിയതോതിൽ തോടുകളിലേക്ക് എത്തിയിരിക്കുന്നത്. പഴുക്കാനില കായലിൽനിന്നാണ് കോടിമതയിലേക്ക് പോളകൾ എത്തുന്നത്. ഒഴുക്കില്ലാത്തതിനാൽ തിങ്ങിനിറഞ്ഞു. കോടിമതയിലേക്ക് പായൽ കയറി തുടങ്ങുന്ന ഘട്ടത്തിൽതന്നെ ഇവനീക്കിയാൽ വലിയതോതിലുള്ള പ്രശ്നം ഒഴിവാക്കാൻ കഴിയുമെന്ന് ജലഗതാഗത വകുപ്പ് ജീവനക്കാർ പറയുന്നു. ഉടൻ ഇവ നീക്കിയില്ലെങ്കിൽ ശല്യം വർധിക്കുമെന്നും ബോട്ട് സർവിസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. കോടിമതയിലടക്കം പലതവണ പായൽ നീക്കിയിട്ടുണ്ടെങ്കിലും വീണ്ടും നിറയുകയാണ് പതിവ്. ചെറിയരീതിയിൽ എത്തുമ്പോൾതന്നെ നീക്കിയാൽ പ്രതിസന്ധി കുറയും. ജലസേചന വകുപ്പിനാണ് കനാലിന്റ ചുമതല. നിലവിൽ പായൽ നീക്കാൻ പദ്ധതിയൊന്നും തയാറാക്കിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. ഇടക്ക് കോട്ടയം നഗരസഭയും പായൽ നടപടി സ്വീകരിച്ചിരുന്നു. ഇത്തവണ ഇതുവരെ നഗരസഭയിൽനിന്ന് കാര്യമായ ഇടപെടലുണ്ടായിട്ടില്ല. കൊടൂരാറ്റിനൊപ്പം മീനച്ചിലാറ്റിലും കൈത്തോടുകളിലുമെല്ലാം പോളശല്യമുണ്ട്. കൊടൂരാറ്റില്‍ വള്ളങ്ങളും ബോട്ടുകളും ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. ഓരോ വര്‍ഷവും വര്‍ധിച്ചിട്ടും ഇത് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പരാതി വ്യാപകമാകുമ്പോള്‍ ചില പ്രദേശങ്ങളില്‍നിന്ന് വാരിമാറ്റുമെങ്കിലും ദിവസങ്ങള്‍ക്കകം പൂര്‍വാധികം ശക്തിയായി തിരികെയെത്തുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.