റഷ്യയുടെ മിസൈലാക്രമണം ഭയന്ന്​ ഇന്‍റർനെറ്റും ലൊക്കേഷനും​​ ഓഫാക്കി വിദ്യാർഥികൾ

കോട്ടയം: റഷ്യയുടെ മിസൈലാക്രമണം ഭയന്ന്​ ഇന്‍റർനെറ്റും ലൊക്കേഷനും​​ ഓഫാക്കി ഖാർകീവിലുള്ള കോട്ടയം സ്വദേശികളായ വിദ്യാർഥികൾ. യുക്രെയ്​നിൽ ഇന്‍റ​ർനെറ്റ്​ ഉപയോഗം കൂടുതലുള്ള ​പ്ര​ദേശങ്ങൾ ലക്ഷ്യമാക്കി റഷ്യയുടെ മിസൈലാക്രമണത്തെ തുടർന്നാണ്​ അധികൃതരുടെ നിർദേശ പ്രകാരം ശനിയാഴ്ച രാ​ത്രി മുതൽ വിദ്യാർഥികൾ ​ഇന്‍റർനെറ്റ്​​ ഓഫാക്കിയത്​. ജിയോലൊക്കേഷൻ ഉപയോഗിച്ച്​ ഇവരുടെ ലൊക്കേഷൻ കണ്ടെത്തുന്നതായും വിദ്യാർഥികൾ പറയുന്നു. തുടരെത്തുടരെയുള്ള സ്​ഫോടനങ്ങൾക്ക്​ നടുവിൽ ഭീതിയോടെ ബങ്കറിൽ കഴിയുകയാണ്​ ഇപ്പോഴും വിദ്യാർഥികൾ. പലരും കഴിഞ്ഞ ദിവസത്തെക്കാൾ പരി​ഭ്രാന്തരാണ്​. പുറംകാഴ്​ചയിൽ ദൃശ്യമാകുന്ന​ ഒഴിഞ്ഞ നിരത്തുകളും ഇടക്കിടെ കടന്നുപോകുന്ന സൈനിക വാഹനങ്ങളും സ്​ഫോടനശബ്​ദങ്ങളും ഭീതിപ്പെടുത്തുന്നു​. മറ്റു രാജ്യങ്ങളെല്ലാം ഖാർകീവിൽനിന്ന്​ വിദ്യാർഥികളെ ​കൊണ്ടുപോയതായും ഇന്ത്യയിൽനിന്ന്​ ശരിയായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു. ഖാർകീവ്​ ദേശീയ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥികൾ​ ഹോസ്റ്റലിലെ ബങ്കറിലാണ്​ കഴിയുന്നത്​. ബങ്കറിൽ പൊടിനിറഞ്ഞ്​ വായു മലിനമായി. ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തീർന്നു. ഇപ്പോൾ ഹോസ്റ്റൽ മെസ്​ ജീവനക്കാർ എത്തി രാവിലെയും രാത്രിയും മാത്രം ഭക്ഷണം തയാറാക്കി നൽകുന്നുണ്ട്​. അതും അളവ്​ നിയന്ത്രിച്ചാണ്​ നൽകുന്നത്​. പുറത്തിറങ്ങരുതെന്നും എവിടെയാണ്​ കഴിയുന്നത്​ അവിടെത്തന്നെ സുരക്ഷിതമായി തുടരാനാണ്​ തങ്ങൾക്ക്​ ഏജന്‍റുമാർ നൽകുന്ന നിർ​ദേശമെന്ന്​ തലയോലപ്പറമ്പ്​ സ്വദേശി അരവിന്ദ്​ എസ്.​ കുമാർ പറഞ്ഞു. 'ഭക്ഷണം തീർന്നു' തങ്ങൾ വാങ്ങി സൂക്ഷിച്ച ഭക്ഷണം തീർന്നതായി ചങ്ങനാശ്ശേരി സ്വദേശിനി അക്ഷയ പറഞ്ഞു. ബൺ, ബിസ്​കറ്റ്​ തുടങ്ങിയവയാണ്​ കൈയിലുണ്ടായിരുന്നത്​. പുറത്തിറങ്ങി വാങ്ങാനും കഴിയുന്നില്ല. അടുത്തെങ്ങും കടകൾ തുറന്നിട്ടില്ല. ദൂരേക്ക്​ അന്വേഷിച്ചുപോകാൻ കഴിയില്ല. പുറത്തിറങ്ങരുതെന്നാണ്​ നിർദേശം. പുറത്ത്​ വെടിവെപ്പിന്‍റെ ശബ്​ദം കേൾക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയില്ല. ഞങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന്​ അക്ഷയ അപേക്ഷിക്കുന്നു​. കൊല്ലത്തുനിന്നുള്ള അഞ്ജലി, എറണാകുളത്തുനിന്നുള്ള ദീപ്തി, ഡൽഹിയിൽനിന്നുള്ള ഗ്രീഷ്മ എന്നിവർക്കൊപ്പം ഖാർകീവിലെ ഫ്ലാറ്റിലാണ്​ അക്ഷയയുടെ താമസം. രാത്രി കിടക്കാൻ മെട്രോ സ്​റ്റേഷനിൽ പോകും. മറ്റുള്ളവരിൽനിന്ന്​ ഒറ്റപ്പെട്ട നിലയിലാണ്​ ഇവർ. ഖാർകീവിലാണ്​ ഏറ്റവുമധികം മലയാളി വിദ്യാർഥികളുള്ളത്​. റഷ്യൻ അതിർത്തിയോട്​ ചേർന്ന പ്രദേശമായതിനാൽ റഷ്യ വഴിയേ ഇവരെ പുറത്തെത്തിക്കാൻ കഴിയൂ. അതിന്​ റഷ്യ സമ്മതിക്കണം. ഇക്കാര്യം റഷ്യയോട്​ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നാണറിവ്​. യുക്രെയ്​നിലൂടെ പുറത്തുകടക്കണമെങ്കിൽ മണിക്കൂറുകളോളം യാത്ര ചെയ്യണം. അതു അപകടവുമാണ്​. KTG METRO-യുക്രെയ്​നിലെ ഖാർകീവിൽ മെട്രോ സ്​റ്റേഷനിൽ അഭയം തേടിയവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.