കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യഘട്ട നിര്‍മാണം 45 ദിവസംകൊണ്ട് തീർക്കുമെന്നാണ് തുടക്കത്തിൽ പറഞ്ഞത്. പിന്നീട് സ്ഥലം സന്ദർശിച്ച് മന്ത്രി പറഞ്ഞത് 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന്. എന്നാലിപ്പോൾ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല ഒരു മാസമായി പണിയും മുടങ്ങി. ബിൽ നൽകിയിട്ടും പണം കിട്ടാത്തതിനാലാണ് നിർമാണം നിർത്തിവെച്ചതെന്ന് കരാറുകാരൻ പറഞ്ഞു. 25 ലക്ഷം രൂപയുടെ ബിൽ നൽകിയിട്ടുണ്ട്. ഇതുവരെ ഒരു രൂപപോലും കിട്ടിയിട്ടില്ല. എം.എൽ.എ ഫണ്ടായതിനാൽ ബിൽ അനുവദിച്ചുകിട്ടുന്നതിലെ നടപടികൾക്ക് താമസം നേരിടുന്നു എന്നാണ് മന്ത്രിയെ സമീപിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നും കരാറുകാരൻ പറയുന്നു. നിലവിൽ സ്റ്റാൻഡിന്‍റെ ഒരു ഭാഗം നിർമാണത്തിനു കെട്ടിത്തിരിച്ചതിനാൽ ബസുകൾക്ക് വേണ്ടത്ര സ്ഥലമില്ല. പലപ്പോഴും സ്റ്റാൻഡിലേക്കു കയറാൻ കാത്തുകിടക്കുന്ന ബസുകൾ ടി.ബി റോഡിൽ കനത്ത ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുപണിയണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. കാത്തുകാത്തിരുന്നാണ് അടുത്തിടെ പണി തുടങ്ങിയത്. ഇതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ആ പ്രതീക്ഷ അസ്ഥാനത്തായി. ടെര്‍മിനലിന്‍റെ ആദ്യഘട്ടമായി ആറായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ് ആരംഭിച്ചത്. ടെര്‍മിനലും യാർഡും പല ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യഘട്ടത്തിന് യഥാക്രമം 94 ലക്ഷം രൂപയും 97 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുക. വേഗത്തില്‍ പൂര്‍ത്തീകരിക്കാൻ നൂതനവും ചെലവുകുറഞ്ഞതുമായ പ്രീ ഫാബ്രിക്കേറ്റഡ് രീതിയാണ് സ്വീകരിച്ചത്. കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്ത് ആദ്യമായി പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ രീതി പ്രയോജനപ്പെടുത്തുന്നതും കോട്ടയത്താണ്. ആകെ 57 ബസ് സർവിസുകളുടെ എണ്ണം കുറഞ്ഞതും ഡിപ്പോയെ ബാധിച്ചിട്ടുണ്ട്. കോവിഡിനു മുമ്പ് നൂറിലധികം ബസുകളുണ്ടായിരുന്ന ഡിപ്പോയിൽ ആകെ 74 എണ്ണമേ ഇപ്പോഴുള്ളൂ. അതിൽ 57 എണ്ണം മാത്രമേ സർവിസ് നടത്തുന്നുള്ളൂ. ബാക്കിയെല്ലാം പിൻവലിച്ചു. 19 എണ്ണം ഓർഡിനറിയാണ്. ദീർഘദൂര സർവിസുകൾ വെട്ടിച്ചുരുക്കി വൈക്കം: ഒരു കാലത്തു ഒട്ടേറെ സർവിസുകൾ നടത്തിയ ചരിത്രം പഴങ്കഥ. വികസനരംഗത്ത് നാട് മുന്നേറിയപ്പോൾ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ പലതും വെട്ടിച്ചുരുക്കി പിന്നോട്ടുനടക്കുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് ആറു ഏക്കർ ഭൂമി സ്വന്തമായുള്ള ഡിപ്പോയാണ് വൈക്കം. ആകെ 58 ബസ് ഉണ്ടായിരുന്നു. ഇപ്പോഴുള്ളത് 41 ബസ്. സർവിസ് നടത്തുന്നത് 38, സൂപ്പർഫാസ്റ്റ് -12, ഓർഡിനറി -26. മലമ്പുഴ, തിരുനെല്ലി ഫാസ്റ്റ് പാസഞ്ചറുകൾ നിർത്തലാക്കി. തിരുവനന്തപുരം, ആലപ്പുഴ സർവിസും സ്റ്റേ ബസുകളും നിർത്തൽ പട്ടികയിൽ ഇടപിടിച്ചു. ജില്ലതല പൂളിൽനിന്ന് ലഭിക്കുന്ന ബസുകളും സർവിസ് നടത്തുന്നുണ്ട്. സർവിസ് കുറവായതിനാൽ യാത്രക്കാരുടെ കാത്തിരിപ്പിനു കുറവില്ല. കോവിഡിന്‍റെ വരവുവരുമാനത്തിലും ഇടിവുണ്ടാക്കി. പടം: dp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.