തിരുനക്കര കിടുങ്ങിയ മിനിറ്റുകൾ; ഒടുവിൽ 'രഹസ്യം' വെളിപ്പെടുത്തി പൊലീസ്​

കോട്ടയം: തിരുനക്കര മൈതാനത്തുനിന്ന്​ വെടിയൊച്ച, പിന്നാലെ സമീപത്തുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ച​ പൊലീസ്​, ​റോഡുകളും അടച്ചു. അ​​പ്രതീക്ഷിത സംഭവങ്ങളിൽ നഗരം ​ഞെട്ടിയ മിനിറ്റുകൾ. ഇതിനിടെ കുതിച്ചെത്തിയ പൊലീസ്​ ആകാശത്തേക്ക്​ വെടിയുതിർത്ത രണ്ടുപേരെ കീഴ്‌പ്പെടുത്തി. ഒരാൾ സംഭവ സ്ഥലത്തുനിന്ന്​ വാഹനവുമായി രക്ഷപ്പെട്ടു. നഗരം ഭീതിയോടെ ഉറ്റുനോക്കുന്നതിനിടെ പൊലീസ് 'രഹസ്യം' വെളിപ്പെടുത്തി. മോക് ഡ്രില്ലായിരുന്നു ഇത്​. കോട്ടയം ജില്ല പൊലീസ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയ മോക് ഡ്രില്ലിന്‍റെ ഭാഗമായിട്ടായിരുന്നു വെടിവെപ്പും തുടർസംഭവങ്ങളും. നേരത്തേ പൊലീസ്​ തയാറാക്കി നിർത്തിയവരാണ്​ വെടിയുതിർത്തത്​. മുൻകൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു തുടർസംഭവങ്ങളും. ശനിയാഴ്ച രാവിലെ 11.15 ഓടെയായിരുന്നു 'നാടകീയ സംഭവങ്ങൾ'. നഗരമധ്യത്തിൽ വാഹനത്തിൽ വന്നിറങ്ങിയ അക്രമി സംഘം നാട്ടുകാരുമായി ഏറ്റുമുട്ടുകയും അപ്രതീക്ഷിതമായി വെടിയുതിർക്കുകയുമായിരുന്നു. ആകാശത്തേക്ക്​ വെടിയുതിർത്ത അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്​ഫോടകവസ്തുക്കൾ നിറച്ച ബാഗും ഇവരുടെ കൈയിലുണ്ടായിരുന്നു. ഭയന്ന നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഉടൻ കോട്ടയം വെസ്റ്റ് പൊലീസും കൺട്രോൾ റൂം സംഘവും സ്ഥലത്തെത്തി. ഇവർ അക്രമികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ പരിക്കേറ്റ അക്രമിയെ കൊണ്ടുപോകാൻ ​പൊലീസ്​ ആംബുലൻസിന്‍റെ സഹായംതേടി. ബോംബുകൾ നിർവീര്യമാക്കാൻ ബോബ്​ സ്ക്വാഡും ഫയർഫോഴ്​സും സ്ഥലത്തേക്ക്​ കുതിച്ചെത്തി. നാടൻ തോക്കുമായാണ് അക്രമിസംഘം വെടി ഉതിർത്തത്. അക്രമികളെ പിടികൂടിയതോടെ നാട്ടുകാർക്കും ആശ്വാസമായി. ഇതിനുശേഷമാണ് പൊലീസ് കാര്യം വെളിപ്പെടുത്തിയത്​. ഇത്തരമൊരു സംഭവമുണ്ടായാൽ എ​ത്രസമയം കൊണ്ട്​ എത്താൻ കഴിയുമെന്ന കാര്യങ്ങൾ പരിശോധിക്കാനായിരുന്നു മോക്​ഡ്രി​ല്ലെന്ന്​ ഇവർ വിശദീകരിച്ചു. പൊലീസിനൊപ്പം ഫയർഫോഴ്​സ്​, ആംബുലൻസ്​ എന്നിവയും എത്രസമയം എടുത്ത്​ സ്ഥലത്ത്​ എത്തുമെന്നായിരുന്നു പരിശോധന. അരമണിക്കൂറോളം നാടകീയ സംഭവങ്ങൾ നീണ്ടു. 60 പൊലീസുകാർ മോക്ഡ്രില്ലിൽ പങ്കുചേ​ർന്നു. പടം-DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.