ജില്ലയിൽ അഞ്ച് തദ്ദേശസ്ഥാപനങ്ങൾക്ക് മികവിനുള്ള പുരസ്‌കാരം

കോട്ടയം: 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി മികവാർന്ന പ്രവർത്തനത്തിന് ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങൾ സർക്കാറിന്റെ സ്വരാജ്, മഹാത്മ, മഹാത്മ അയ്യങ്കാളി പുരസ്‌കാരം നേടി. പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച ബ്ലോക്കുകളിൽ ളാലം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 85.5 മാർക്കോടെയാണ് സ്വരാജ് ട്രോഫി നേട്ടം. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ മികവു പുലർത്തിയതിന് നഗരസഭകൾക്കു നൽകുന്ന മഹാത്മ അയ്യങ്കാളി പുരസ്‌കാരത്തിൽ വൈക്കം നഗരസഭ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി. 59 മാർക്കാണ് നേടിയത്. പ്രവർത്തനമികവിന് ജില്ലതലത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് ഒന്നാം സ്ഥാനവും മരങ്ങാട്ടുപിള്ളി രണ്ടാം സ്ഥാനവും നേടി ജില്ലതല സ്വരാജ് ട്രോഫി കരസ്ഥമാക്കി. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിനുള്ള ജില്ലതല മഹാത്മ പുരസ്‌കാരം തലയാഴം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. മികവിനുള്ള അംഗീകാരമായി സർക്കാർ നൽകുന്ന ജില്ലതല പുരസ്‌കാരങ്ങൾ ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന തദ്ദേശഭരണ ദിനാഘോഷ ചടങ്ങിൽ സമ്മാനിക്കും. സംസ്ഥാനതല സ്വരാജ് ട്രോഫി നേടുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകും. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ചു ലക്ഷം രൂപയും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.