ജലജീവന്‍ മിഷൻ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും -ഡോ. എന്‍. ജയരാജ്

പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷ‍ൻെറ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. വിവിധ പദ്ധതികളിലായി പ്രവൃത്തി നടന്നുവന്നിരുന്നതും അനുമതിയായതുമായ കുടിവെള്ള പദ്ധതികള്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമായിട്ടുണ്ട്​. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനില്‍ യോഗം ചേര്‍ന്നു. കെ.എസ്.ടി.പി റോഡ് നിര്‍മാണം മൂലം തടസ്സപ്പെട്ട ചിറക്കടവ് പഞ്ചായത്തിലെ പൊന്‍കുന്നം മുതല്‍ തെക്കേത്തുകവല വരെയുള്ള ഭാഗത്തെയും മൂലേപ്ലാവിലെയും തേക്കുംമൂട്ടിലെയും നിലവിലെ മണിമല പാലത്തിലെയും പൈപ്പ് ലൈനുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കും. കിഫ്ബിയില്‍നിന്ന് 69 കോടി അനുവദിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലമേറ്റടുക്കല്‍ അന്തിമഘട്ടത്തിലാണ്. നിലവില്‍ ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ നല്‍കിയിട്ടുള്ള ഹൗസ് കണക്​ഷനുകളിലേക്ക് പരമാവധി വേഗത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കും. അഞ്ച്​ പഞ്ചായത്തുകള്‍ക്കായി രൂപവത്​കരിച്ച മണിമല മേജര്‍ കുടിവെള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കങ്ങഴ, നെടുങ്കുന്നം, കറുകച്ചാല്‍ പഞ്ചായത്തുകള്‍ക്ക്​ പുതുതായി അനുവദിച്ച കുടിവെള്ള പദ്ധതി 140 കോടിയുടെ ഭരണാനുമതി ലഭിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നു. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള സമയക്രമപട്ടിക പഞ്ചായത്തുകള്‍ക്ക് നല്‍കുവാനും യോഗത്തില്‍ ധാരണയായി. അവലോകന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. സി.ആര്‍ ശ്രീകുമാര്‍, കെ.ആര്‍ തങ്കപ്പന്‍, ജയിംസ് പി.സൈമണ്‍, ശ്രീജിത് ടി.എസ്, വി.പി റെജി, ആശാ ചന്ദ്രന്‍, ശ്രീജിഷ കിരണ്‍, റംല ബീഗം എന്നിവരും ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ മുഹമ്മദ് സിദ്ദീഖ്, കിഫ്ബി എല്‍.എ സ്‌പെഷല്‍ തഹസില്‍ദാര്‍ സന്ധ്യ ദേവി, എക്‌സിക്യൂട്ടിവ് എന്‍ജിനീയമാരായ സി.ജെ ശോഭ, എസ്. രാജേഷ്, മിനി, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.