തട്ടിക്കൂട്ടിയ സൊസൈറ്റികൾക്കും കരാർ; ഹൈഡൽ ടൂറിസവും വിവാദത്തിൽ

തൊടുപുഴ: മുൻ എൽ.ഡി.എഫ്​ സർക്കാറിന്‍റെ കാലത്ത്​ വൈദ്യുതി ബോർഡിൽ അഴിമതിയും വഴിവിട്ട നടപടിയും ഉണ്ടായെന്ന കെ.എസ്​.ഇ.ബി ചെയർമാന്‍റെ വെളിപ്പെടുത്തലിന്​ പിന്നാലെ ഇടുക്കിയിലെ ഹൈഡൽ ടൂറിസം പദ്ധതികളെ ചുറ്റിപ്പറ്റിയും വിവാദം ഉയരുന്നു. ഇടുക്കിയുടെ പ്രതിനിധിയായി മ​ന്ത്രിസഭയിലുണ്ടായിരുന്ന എം.എം. മണി പ്രത്യേക താൽപര്യമെടുത്ത്​ കടലാസ്​ സൊസൈറ്റികൾക്കുവരെ കരാർ നൽകിയെന്നും ഇതുവഴി കെ.എസ്​.ഇ.ബിക്ക്​ വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ്​ ആരോപണം. ഇടപാടിൽ മണിയുടെ പങ്ക്​ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ ജില്ല നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്​. എം.എം. മണി മന്ത്രിയായിരിക്കെ പൊന്മുടി, ആനയിറങ്കൽ, മൂന്നാർ മാട്ടുപ്പെട്ടി, ചെങ്കുളം, കല്ലാർകുട്ടി, ബാണാസുരസാഗർ എന്നിവിടങ്ങളിലാണ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ സഹകരണ സംഘങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും കരാർ നൽകിയത്. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്കാണ്​ കരാർ ലഭിച്ചതെന്നും ഇവയിൽ പലതും കടലാസ്​ സംഘങ്ങളാണെന്നും 2019ൽതന്നെ യൂത്ത്​ കോൺഗ്രസ്​ ആരോപിച്ചിരുന്നു. ആനയിറങ്കലിൽ മൾട്ടി ഡയമൻഷനൽ തിയറ്റർ ആൻഡ് ഹൊറർ ഹൗസിനായി കരാർ നൽകിയത് 'സ്പർശം' എന്ന ചാരിറ്റബിൾ സൊസൈറ്റിക്കാണ്. പദ്ധതി പ്രഖ്യാപിച്ച ശേഷം മാത്രം പെരുമ്പാവൂരിലെ ചില സി.പി.എം നേതാക്കളുടെ​​ പേരിൽ രജിസ്റ്റർ ചെയ്തതാണ്​ ഈ സംഘമെന്ന്​ പറയുന്നു. കോടികൾ മുതൽ മുടക്കുള്ള ടൂറിസം പദ്ധതി നടപ്പാക്കാൻ സൊസൈറ്റിക്ക്​ ആസ്തിയുണ്ടോ എന്നുപോലും അന്വേഷിച്ചില്ല. പൊന്മുടിയിൽ മണിയുടെ മരുമകൻ പ്രസിഡന്‍റായ ബാങ്കിന് 15 വർഷത്തേക്ക് 21 ഏക്കർ പാട്ടത്തിന് നൽകിയിരുന്നു. പുറമ്പോക്ക്​ ഭൂമി വൈദ്യുതി ബോർഡ് നിയമവിരുദ്ധമായാണ് പാട്ടത്തിന് നൽകിയതെന്നും അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. കല്ലാർകുട്ടിയിലെ പദ്ധതിയുടെ കരാർ നൽകിയത് മുതിരപ്പുഴ ടൂറിസം ഡെവലപ്​മെന്‍റ്​ സൊസൈറ്റിക്കാണ്​. ഇതിന്‍റെയും രജിസ്​ട്രേഷൻ സി.പി.എം നേതാക്കളുടെ പേരിലാണ്. കെ.എസ്​.ഇ.ബിക്ക്​ കുറച്ചും സൊസൈറ്റികൾക്ക്​ കൂടുതലും വരുമാനം ലഭിക്കുന്ന വിധത്തിലാണത്രേ​ എല്ലാ കരാറിലെയും വ്യവസ്ഥകൾ. സി.പി.എം ഭരിക്കുന്ന മൂന്നാർ സർവിസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നൽകി ആരംഭിച്ച പാർക്കിന്‍റെ കരാർ നഷ്ടമാണെന്ന വിലയിരുത്തലിൽ ടൂറിസം ഡയറക്ടർ റദ്ദാക്കിയിരുന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം കെ.വി. ശശിയാണ് ബാങ്ക്​ പ്രസിഡന്‍റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.