ആരോപണങ്ങൾ ​മന്ത്രി പറയിപ്പിച്ചതാണോ എന്ന്​ അറിയണം -എം.എം. മണി

തൊടുപുഴ: മുൻ എൽ.ഡി.എഫ്​ സർക്കാറിന്‍റെ കാലത്ത്​ വൈദ്യുതി ബോർഡിൽ നിയമപരമല്ലാത്ത കാര്യങ്ങൾ നടന്നു എന്ന ബോർഡ്​ ചെയർമാൻ ബി. അശോകിന്‍റെ ആരോപണത്തിന്​ മറുപടിയുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. മന്ത്രിയുടെ അറിവോടെയാണോ ചെയർമാൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നും അതല്ല മന്ത്രി പറയേണ്ടത്​ ചെയർമാനെക്കൊണ്ട്​ പറയിപ്പിച്ചതാണോ എന്നുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ടെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കെ. കൃഷ്​ണൻകുട്ടി ഇടതുപക്ഷത്തിന്‍റെ മന്ത്രിയാണ്​. അപ്പോൾ ആലോചിച്ചാണ്​ കാര്യങ്ങൾ പറയേണ്ടത്​. ചെയർമാന്‍റെ ആരോപണങ്ങൾ എന്തടിസ്ഥാനത്തിലാണെന്ന്​ അറിയില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചെയർമാൻ എന്തെങ്കിലും പറയുകയല്ല വേണ്ടത്​. മുഖ്യമന്ത്രിയുമായി ആലോചിച്ച്​ ഇത്​ സംബന്ധിച്ച്​ കൂടുതൽ പ്രതികരണം നടത്തും. പറയേണ്ട കാര്യങ്ങൾ തക്കസമയത്ത്​ പറയേണ്ടിടത്ത്​ പറയും. പറയുമ്പോൾ താൻ തീർത്തുകെട്ടി പറയും. നാലര വർഷം താൻ മന്ത്രിയായിരുന്ന കാലത്തെ വൈദ്യുതി ബോർഡിന്‍റെ പ്രവർത്തനത്തെക്കുറിച്ച്​ തികഞ്ഞ സംതൃപ്തിയുണ്ട്​. പുതിയ പദ്ധതികൾ കൊണ്ടുവരുന്നതടക്കം ഒരുപാട്​ കാര്യങ്ങൾ ചെയ്തു. നിയമപരമായി മാത്രമാണ്​ എല്ലാ കാര്യങ്ങളും ചെയ്തത്​. അത്​ വൈദ്യുതി ബോർഡിന്‍റെ ചരിത്രത്തിലെ സുവർണകാലമായിരുന്നു. വൈദ്യുതി ഭവന്​ പൊലീസ്​ സംരക്ഷണം വേണ്ടിവന്നിട്ടില്ല. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷ സേനയെ നിയോഗിക്കേണ്ട അവസ്ഥയാണെന്നും മണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.